കൊച്ചി: പൊലീസിന്റെ ‘എടാ’ ‘എടീ’ വിളികള്‍ ഭരണഘടനാപരമായ ധാര്‍മികതയ്ക്കും രാജ്യത്തിന്റെ മനഃസാക്ഷിക്കും വിരുദ്ധമാണെന്ന് കേരള ഹൈക്കോടതി. പരിഷ്‌കൃതവും സംസ്‌കാരവുമുള്ള സേനയ്ക്ക് ചേര്‍ന്നതല്ല ഇത്തരം പദപ്രയോഗങ്ങളെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. തൃശൂര്‍ ചേര്‍പ്പ് എസ്‌ഐ മകളോടും തന്നോടും മോശമായി പെരുമാറിയെന്ന് കാണിച്ച് ചേര്‍പ്പ് സ്വദേശി ജെ.എസ്. അനില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം. സ്വീകാര്യമല്ലാത്ത പദങ്ങള്‍ ഉപയോഗിച്ച് ജനങ്ങളെ സംബോധന ചെയ്യരുതെന്ന് നിര്‍ദ്ദേശിക്കണമെന്ന് പൊലീസ് മേധാവിക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. എന്നാല്‍ ഹര്‍ജിക്കാരന്റെ പരാതിയില്‍ അല്ല ഇക്കാര്യം വ്യക്തമാക്കുന്നതെന്നും കോടതി പറഞ്ഞു.
കൊളോണിയല്‍ മുറയുടെ ശേഷിപ്പാണ് ഇത്തരം വിളികളെന്ന് കോടതി അഭിപ്രായപ്പെട്ടു. കോടതിയുടെ നിര്‍ദ്ദേശം നടപ്പാക്കാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കി ഡിജിപി രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനും കോടതി ആവശ്യപ്പെട്ടു. പൗരന്‍മാര്‍ക്കെതിരെ മോശം വാക്കുകള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച് പരാതികള്‍ പരിഗണിക്കുന്നതും പൊലീസ് തന്നെയായതില്‍ തെളിയിക്കാന്‍ ബുദ്ധിമുട്ടാണ്. കൊവിഡ് പ്രോട്ടോക്കോള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായും ‘എടാ’ ‘എടീ’ വിളികള്‍ പൊലീസ് സാധാരണയായും ഉപയോഗിക്കുന്നുണ്ടെന്ന് കോടതി പറഞ്ഞു. ജനങ്ങളോട് മാന്യമായി മാത്രമേ പെരുമാറാവൂ എന്ന് ഹൈക്കോടതി 2018ല്‍ ഉത്തരവിട്ടിട്ടുണ്ട്. മുന്‍ ഉത്തരവിലെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും കോടതി പറഞ്ഞു.
Post Your Comments