തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ജീവനക്കാരെ പിരിച്ചുവിടേണ്ടി വരുമെന്ന് മാനേജിങ് ഡയറക്ടർ ബിജു പ്രഭാകർ. അധികമുള്ള ജീവനക്കാര്‍ക്ക് പകുതി ശമ്പളം നല്‍കി ദീര്‍ഘകാല അവധി നല്‍കുന്ന കാര്യം പരിഗണിക്കണം. നയപരമായ ഈ വിഷയത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കണം. സാമ്പത്തിക അച്ചടക്കം കെഎസ്ആര്‍ടിസിക്ക് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
‘കെഎസ്ആർടിസിയുടെ സാമ്പത്തിക സ്ഥിതി നിലവിൽ പരിതാപകരമാണ്. ശമ്പളം നൽകാൻ ഉൾപ്പടെ മാസം 100 കോടിയോളം രൂപയാണ് സർക്കാരിനോട് അഭ്യർത്ഥിക്കുന്നത്. 4800 ബസുകൾ പ്രതിദിനം സർവ്വീസ് നടത്തിയിരുന്ന സ്ഥാനത്ത് നിലവിൽ 3300ൽ താഴെ ബസുകൾ മാത്രമാണ് സർവ്വീസ് നടത്തുന്നത്. ചെലവിന് ആനുപാതികമായുള്ള വരുമാനം കണ്ടെത്താനാകുന്നില്ല. വരുമാനത്തിന്‍റെ ഭൂരിഭാഗവും ഇന്ധനച്ചലവിന് നീക്കിവെക്കേണ്ടി വരുന്നു’- ബിജു പ്രഭാകർ വ്യക്തമാക്കി.
‘ജൂലൈയിൽ വരുമാനം 51.04 കോടിയാണ്. ഡീസൽ ചിലവ് 43.70 കോടി. ആഗസ്റ്റിൽ വരുമാനം 75.71 കോടി, ഡീസൽ ചിലവ് 53.33 കോടി രൂപയുമാണ്. വളരെയധികം ജീവനക്കാർ അധികമായി നിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ അധികമുള്ള സ്റ്റാഫിനെ പിരിച്ചുവിടണം. അല്ലെങ്കിൽ 50 ശതമാനം ശമ്പളം കൊടുത്ത് ഒരു വർഷം മുതൽ അഞ്ച് വർഷം വരെ ദീർഘകാല അവധി നൽകാമെന്ന നിർദ്ദേശം സർക്കാരിന് മുന്നിൽ വെയ്ക്കും. നയപരമായ ഈ വിഷയം സർക്കാർ തലത്തിൽ തീരുമാനിക്കുന്ന പക്ഷം അത് അനുസരിച്ച് മുന്നോട്ട് പോകും’- അദ്ദേഹം പറഞ്ഞു .
‘ചെലവ് കുറയ്ക്കാതെ മുന്നോട്ട് പോകാനാകാത്ത സാഹചര്യമാണെന്ന് അംഗീകൃത ട്രേഡ് യൂണിയിനുകളുമായി നടത്തിയ ചർച്ചയിൽ സിഎംഡി അറിയിച്ചു. കെഎസ്ആർടിസി നിലവിൽ നേരിട്ടിരിക്കുന്ന പ്രതിസന്ധി മറികടക്കാൻ സാമ്പത്തിക അച്ചടക്കം അനിവാര്യമാണ്. വിവിധ സ്ഥലങ്ങളിൽ നിന്നും പുതിയതായി സർവ്വീസ് ആരംഭിക്കണമെന്നുള്ള ആവശ്യം നിരന്തരം ഉണ്ടാകുന്നു. ഉച്ച സമയത്ത് യാത്രക്കാർ ഇല്ലാതെയാണ് പല സർവ്വീസുകളും നടത്തുന്നത്. വരുമാനമില്ലാത്ത സർവ്വീസുകൾ ഒഴിവാക്കിയാലേ ഇനി പിടിച്ച് നിൽക്കാനാകൂ’ സിഎംഡി ബിജു പ്രഭാകര്‍ പറഞ്ഞു.
Post Your Comments