കൊല്‍ക്കത്ത: സെപ്തംബര്‍ 30ന് ബംഗാളില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരേ മത്സരിക്കേണ്ടെന്ന് കോണ്‍ഗ്രസ് തീരുമാനം. മമത ബാനര്‍ജി ഭവാനിപൂരില്‍ നിന്നുമാണ് മത്സരിക്കുന്നത്. ഈ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിര്‍ത്തില്ലെന്ന് പി.സി.സി. അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരി അറിയിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വന്‍ വിജയം നേടി അധികാരം നിലനിര്‍ത്തിയെങ്കിലും നന്ദിഗ്രാമില്‍ നിന്നും മത്സരിച്ച മമതാ ബാനര്‍ജി ബിജെപി നേതാവും മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായിരുന്ന സുവേന്ദു അധികാരിയോട് പരാജയപ്പെട്ടിരുന്നു.
പിന്നീട് മുഖ്യമന്ത്രിയായി ചുമതലയേറ്റ മമതയ്ക്ക് നിയമസഭയിലേയ്ക്കുള്ള വഴിതെളിക്കാനായി സൊവന്‍ദേവ് ചാറ്റര്‍ജി ഭവാനിപുര്‍ സീറ്റ് ഒഴിഞ്ഞുകൊടുക്കുകയായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 28,719 വോട്ടിനാണ് സൊവന്‍ദേവ് ബി.ജെ.പി.യുടെ രുദ്രനീല്‍ ഘോഷിനെ പരാജയപ്പെടുത്തിയത്. അഞ്ചു തവണ വിജയിച്ച ഈ സീറ്റില്‍ കോണ്‍ഗ്രസിന് 5211 വോട്ട് മാത്രമാണ് നേടാനായത്. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത മമതയ്ക്ക് ഈ ഉപതിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ സാധിച്ചില്ലെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കേണ്ടിവരും. ഭവാനിപൂര്‍, സംസര്‍ഗാനി, ജംഗിപൂര്‍ എന്നവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബര്‍ മൂന്നിന് ആയിരിക്കും വോട്ടെണ്ണല്‍ നടക്കുക.
ബംഗാള്‍ ഉപതിരഞ്ഞെടുപ്പിനൊപ്പം ഒഡീഷയിലെ പിപ്പിലിയിലും ഉപതിരഞ്ഞെടുപ്പ് നടക്കുകയാണ്. മഹാരാഷ്ട്ര, തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ, 31 നിയോജകമണ്ഡലങ്ങളിലും കൂടി ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടതായിട്ടുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യം അനുകൂലമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
Post Your Comments