ദുബായ്: ഏഴു മാസത്തിനിടെ ദുബായ് വരവേറ്റത് 2.85 മില്യൺ സന്ദർശകരെ. 2021 ജനുവരി മുതൽ ജൂലൈ വരെ 2.85 ദശലക്ഷം അന്താരാഷ്ട്ര സന്ദർശകരെ ദുബായ് നഗരം സ്വാഗതം ചെയ്തുവെന്ന് ദുബായ് ടൂറിസം ആൻഡ് കൊമേഴ്‌സ് മാർക്കറ്റിംഗ് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി. യുഎഇ ഗോൾഡൻ ജൂബിലി, ദുബായ് എക്‌സ്‌പോ 2020 എന്നിവ സന്ദർശകരുടെ എണ്ണം വർധിപ്പിക്കാൻ കാരണമായെന്നാണ് റിപ്പോർട്ട്.
കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചു കൊണ്ട് വിപണികളും ബിസിന്‌സ് സ്ഥാപനങ്ങളും തുറന്നു നൽകിയ രാജ്യമാണ് ദുബായ്. അതേസമയം കോവിഡ് -19 വാക്‌സിനേഷൻ നിരക്കിന്റെ കാര്യത്തിൽ ലോകരാജ്യങ്ങളിൽ മുൻപന്തിയിലുള്ള രാജ്യവും യുഎഇയാണ്. ‘ഔർ വേൾഡ് ഇൻ ഡാറ്റ’ പുറത്തുവിട്ട കണക്കുകൾ പ്രകാരം, ലോകത്ത് പൂർണ്ണമായും പ്രതിരോധ കുത്തിവയ്പ് ലഭിച്ചവരുടെ ശതമാനത്തിൽ യു എ ഇ മുൻപന്തിയിൽ തുടരുകയാണ്.
ഏകദേശം 78 ശതമാനം യു എ ഇ നിവാസികളും കൊറോണ വൈറസിനെതിരെ പൂർണ്ണമായി പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടുണ്ട്, 89 ശതമാനത്തിലധികം പേർക്ക് കുറഞ്ഞത് ഒരു ഡോസ് ലഭിച്ചിട്ടുണ്ട്. ഈ വർഷം ജനുവരി മാസത്തെ അപേക്ഷിച്ച് യുഎഇയിൽ പ്രതിദിന കോവിഡ് കേസുകളിൽ 62 ശതമാനം കുറവുണ്ടായി.എട്ട് മാസത്തിനിടെ ആഗസ്റ്റ് 24 ന് ആണ് ആദ്യമായി പ്രതിദിന കേസുകൾ 1,000 ൽ താഴെയായത്. കഴിഞ്ഞ 15 ദിവസത്തിലധികമായി ഇത് 1,000 ൽ താഴെയാണ്.
Post Your Comments