ThiruvananthapuramKeralaLatest NewsNews

വരാനിരിക്കുന്നത് കടുത്ത സാമ്പത്തികപ്രതിസന്ധി: കേരളത്തിൽ കേന്ദ്രസഹായം കുത്തനെ കുറയുമെന്ന് ധനമന്ത്രി

തിരുവനന്തപുരം: ഇനി വരാൻ പോകുന്ന വർഷങ്ങളിൽ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി കൂടുതല്‍ ഗുരുതരമാകുമെന്ന സൂചന നൽകി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. വലിയ തകര്‍ച്ചയാണ് കഴിഞ്ഞ ഒന്നര വര്‍ഷമായി നികുതി വരുമാനത്തിലും നികുതി ഇതര വരുമാനത്തിലും സര്‍ക്കാര്‍ നേരിടുന്നത്. ട്രഷറി പൂട്ടാതെ കാക്കുന്നത് കേന്ദ്ര വായ്പയും വിഹിതവുമാണ്. എന്നാൽ കേന്ദ്ര വിഹിതത്തില്‍ കുറവ് ഉണ്ടാകുമ്പോൾ സംസ്ഥാനം കടുത്ത പ്രതിസന്ധിയിലേക്ക് വീണുപോകുമെന്നാണ് ധനവകുപ്പിന്റെ നിലവിലെ വിലയിരുത്തല്‍.

Also Read: കടല്‍കൊള്ളക്കാരുടെ കൈയിൽനിന്നും കപ്പല്‍ ജീവനക്കാരനായ മലയാളി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അടുത്ത ജൂലൈ മുതല്‍ ജിഎസ്ടി വിഹിതമുണ്ടാകില്ലെന്ന് കേന്ദ്രം വ്യക്തമാക്കിക്കഴിഞ്ഞു. സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ട നികുതി വിഹിതം കുറച്ചതും തിരിച്ചടിയായി. ലോക്ഡൗണ്‍ പ്രതിസന്ധിയിലെ വരുമാന നഷ്ടങ്ങള്‍ക്കിടയിലാണ് പുതിയ പ്രതിസന്ധി. വാറ്റില്‍ നിന്നും ജിഎസ്ടിയിലേക്ക് മാറിയപ്പോള്‍ സംസ്ഥാനങ്ങള്‍ക്ക് ഉണ്ടാകുന്ന നികുതിവരുമാനത്തിലെ കുറവ് നികത്താനായിരുന്നു ജിഎസ്ടി വിഹിതം. അടുത്ത സാമ്പത്തിക വര്‍ഷം കേരളത്തിന് ഈയിനത്തില്‍ മാത്രം 13,000 കോടി നഷ്ടമാകും.

കൂടാതെ ശമ്പളം, പെന്‍ഷന്‍ വര്‍ധനവില്‍ മാത്രം ഒരു വര്‍ഷം കേരളത്തിന് അധിക ബാധ്യത 14,000 കോടിയാണ്. വരുമാനത്തില്‍ 20000കോടി വായ്പാ തിരിച്ചടവിനും മാറ്റി വയ്ക്കണം. കൊവിഡ് കാലത്തെ വരുമാന നഷ്ടം രൂക്ഷമാകുമ്പോള്‍ കേന്ദ്ര വിഹിതത്തിലെ കുറവ് കേരളത്തിന്റെ നട്ടെല്ലൊടിക്കുന്ന അവസ്ഥയിലാക്കും. കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് വായ്പാ പരിധി വര്‍ധിപ്പിച്ചതാണ് സര്‍ക്കാരിന് ആശ്വാസം. കേന്ദ്ര വിഹിതം കുറയുമ്പോള്‍ ഇപ്പോഴത്തെ അഞ്ച് ശതമാനം എന്ന വായ്പാ പരിധി കുറച്ചാല്‍ കടമെടുപ്പും കഷ്ടത്തിലാകും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button