ആലുവ : ദേശീയപാതയിലെ അമ്പാട്ടുകാവിൽ വഴിയോരത്തു പൊറോട്ടയും ബീഫ് കറിയും വിറ്റിരുന്ന സുഹൃത്തുക്കളായ ദിലീഷ് കരുവേലി, സുധീഷ് ബാബു എന്നിവരാണ് മോഷ്ടാവിനോട് അപേക്ഷയുമായി എത്തിയിരിക്കുന്നത്. ‘അമ്മയ്ക്ക് ഇനി വിൽക്കാൻ കമ്മലുകൾ ഇല്ല. കച്ചവടം നിന്നതോടെ കുടുംബം ബുദ്ധിമുട്ടിലാണ്. പ്രിയപ്പെട്ട മോഷ്ടാവേ, ആ ബാറ്ററികളും റൈസ് കുക്കറുകളും തിരികെ തരൂ’, യുവാക്കൾ പറയുന്നു.
Read Also : പ്രതിദിന കോവിഡ് വാക്‌സിനേഷനിൽ വീണ്ടും റെക്കോർഡ് നേട്ടവുമായി ഇന്ത്യ
2 മാസം മുൻപാണ് അമ്പാട്ടുകാവ് പെട്രോൾ പമ്പിനു സമീപം പ്ലാസ്റ്റിക് ഷീറ്റ് കെട്ടിയ ഷെഡിൽ ഇരുവരും സായാഹ്ന തട്ടുകട തുടങ്ങിയത്. പൊറോട്ടയും ബീഫ് കറിയും വീട്ടിൽ തയാറാക്കി അലൂമിനിയം ഫോയിൽ കവറുകളിലാക്കി കൊണ്ടുവരും. ചൂടാറാതിരിക്കാൻ റൈസ് കുക്കറുകളിലാണു സൂക്ഷിക്കുക. 3 പൊറോട്ടയും ബീഫ് കറിയും അടങ്ങിയ ഒരു പാക്കറ്റിന് 50 രൂപ. ദിവസം 30 പാക്കറ്റിൽ തുടങ്ങിയ കച്ചവടം 125 പാക്കറ്റിലേക്കു വളർന്നു. പാഴ്സൽ വാങ്ങിയ ഒരാൾ വിഡിയോ എടുത്തു യൂട്യൂബിലിട്ടതോട് കൂടി കച്ചവടം ഉഷാറായി.
ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ഓഗസ്റ്റ് 24നു കട താൽക്കാലികമായി നിർത്തി വയനാട്ടിൽ ആയുർവേദ ചികിത്സയ്ക്കു പോയി. അതു കഴിഞ്ഞു തിരിച്ചെത്തി കട പുനരാരംഭിക്കാൻ ചെന്നപ്പോഴാണു തടിയുടെ പെട്ടിയിൽ സൂക്ഷിച്ചിരുന്ന സാധനങ്ങളെല്ലാം മോഷണം പോയതായി കണ്ടത്. അമ്മയുടെ കമ്മലുകൾ വിറ്റു കിട്ടിയ 8,000 രൂപ കൊണ്ട് വാങ്ങിയ 2 സെക്കൻഡ് ഹാൻഡ് ബാറ്ററികളും മോഷ്ടാവ് കൊണ്ടുപോയി.
കുടുംബത്തെ ഓർത്തു സാധനങ്ങൾ തിരികെ നൽകാൻ സന്മനസ്സു കാട്ടണമെന്നാണു സംരംഭകരുടെ അഭ്യർഥന.
Post Your Comments