ശ്രീനഗർ: വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗിലാനിയുടെ മൃതദേഹത്തിൽ പാക് പതാക പുതപ്പിച്ച സംഭവത്തിൽ വിവാദ പ്രസ്താവനയുമായി പിഡിപി നേതാവ് മെഹബൂബ മുഫ്തി രംഗത്ത്. ഇതാണ് പുതിയ ഇന്ത്യ എന്നും പുതിയ കശ്മീർ എന്നും ട്വിറ്ററിലൂടെ മെഹബൂബ പ്രതികരിച്ചു. മരിച്ച വ്യക്തിയ്‌ക്ക് ആഗ്രഹിച്ച രീതിയിൽ അന്തിമോപചാരം അർപ്പിക്കാനുള്ള അവകാശമില്ലേയെന്ന് ചോദിച്ച മെഹബൂബ സംഭവത്തിൽ രാജ്യദ്രോഹകുറ്റം ചുമത്തി കേസ് എടുത്ത നടപടിയെയും വിമർശിച്ചു.
കശ്മീർ ഒരു തുറന്ന ജയിൽ ആയി മാറുകയാണെന്നും മരിച്ചവരെ പോലും ഇതിൽ നിന്നും ഒഴിവാക്കുന്നില്ലെന്നും മെഹബൂബ ട്വിറ്ററിൽ വ്യക്തമാക്കി. മരിച്ചയാൾക്ക് ആഗ്രഹിക്കുന്ന രീതിയിൽ അന്തിമോപചാരം അർപ്പിക്കാനുള്ള സ്വാതന്ത്ര്യം പോലും കശ്മീരിലെ കുടുംബങ്ങൾക്കില്ലെന്നും അവർ പറഞ്ഞു. ഗിലാനിയുടെ കുടുംബത്തിന് നേരെ കേസ് എടുത്ത നടപടി ക്രൂരമാണെന്നും മെഹബൂബ ട്വിറ്ററിൽ പറഞ്ഞു.
Post Your Comments