കാബൂള്‍: വിമാനങ്ങള്‍ക്ക് പറന്നുയരാന്‍ താലിബാന്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് അഫ്ഗാനില്‍ കുടുങ്ങിക്കിടക്കുന്നത് ആയിരക്കണക്കിന് പേരെന്ന് റിപ്പോര്‍ട്ട്. റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിയാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്. ആറ് വിമാനങ്ങള്‍ മസാര്‍-ഇ-ഷെരീഫ് വിമാനത്താവളത്തില്‍ താലിബാന്റെ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് കുടുങ്ങി കിടക്കുകയാണെന്നും യാത്രക്കാരെ ബന്ദികളാക്കുകയാണെന്നും യുഎസ് പ്രതിനിധി മൈക്ക് മക്കോള്‍ ഫോക്സ് ന്യൂസ് സണ്‍ഡേയോട് വ്യക്തമാക്കി.
മസാര്‍-ഇ-ഷെരീഫിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വിമാനം പുറപ്പെടുന്നതിനോ ലാന്‍ഡ് ചെയ്യുന്നതിനോ താലിബാന്റെ അനുമതി വാങ്ങുന്നതില്‍ അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം പരാജയപ്പെട്ടുവെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, പഞ്ച്ശീര്‍ പൂര്‍ണ്ണമായും പിടിച്ചടക്കിയതായി താലിബാന്‍ പ്രഖ്യാപിച്ചു. ഇതോടെ അഫ്ഗാനില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് തിരക്കിട്ട ചര്‍ച്ചകളാണ് നടക്കുന്നത്. താലിബാന്‍ വക്താവ് സബീബുല്ല മുജാഹിദ് ആണ് തിങ്കളാഴ്ച പഞ്ച്ശീര്‍ താലിബാന്‍ നിയന്ത്രണത്തിലായതായി പ്രഖ്യാപിച്ചത്.
Post Your Comments