KeralaLatest NewsNews

നിപ ബാധിച്ചത് റംബൂട്ടാന്‍ പഴത്തില്‍ നിന്നാണെന്ന് സംശയം

കോഴിക്കോട്: കോഴിക്കോട് മരിച്ച 12കാരന് നിപ ബാധിച്ചത് റംബൂട്ടാന്‍ പഴത്തില്‍ നിന്നാണെന്ന് സംശയം. പനി വരുന്നതിന് ദിവസങ്ങള്‍ മുമ്പ് കുട്ടി വീടിന് പരിസരത്തുനിന്ന് റംബൂട്ടാന്‍ പഴം കഴിച്ചതായാണ് പുറത്തുവന്നിരിക്കുന്ന വിവരം. അതേസമയം, നിപ ബാധിച്ച് മരിച്ച 12കാരന്റെ ചാത്തമംഗലത്തെ വീട് കേന്ദ്രസംഘം സന്ദര്‍ശിച്ചു. നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ അഡി. ഡയറക്ടര്‍ ഡോ. രഘുവിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് സ്ഥലത്തെത്തിയത്. വൈറസ് ബാധയുടെ ഉറവിടം കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം.

ചാത്തമംഗലം പഞ്ചായത്തിലെ മുന്നൂര്‍, പായൂര്‍ മേഖലകളിലാണ് സംഘം സന്ദര്‍ശിച്ചത്. കുട്ടിയുടെ വീടും പരിസരവും സന്ദര്‍ശിച്ച് വിവരം ശേഖരിച്ചു. റംബൂട്ടാന്‍ സാമ്പിളുകള്‍ സംഘം ശേഖരിച്ചു. വീട്ടിലെ ആട് ചത്തുകിടന്ന സ്ഥലത്തും പരിശോധന നടത്തി.

കുട്ടിയുടെ വീടിനടുത്ത പ്രദേശങ്ങളെ ഉള്‍പ്പെടുത്തി മാവൂരില്‍ മൂന്ന് കിലോമീറ്റര്‍ ചുറ്റളവ് കണ്ടെയിന്റ്‌മെന്റ് സോണാക്കി നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് അറിയിച്ചിരുന്നു. സമീപ പ്രദേശങ്ങളിലും കോഴിക്കോട് ജില്ലയിലും മലപ്പുറം, കണ്ണൂര്‍ ജില്ലകളിലും ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മരിച്ച കുട്ടിയുടെ സമ്ബര്‍ക്കത്തിലുള്ളത് 188 പേരാണെന്ന് മന്ത്രി പറഞ്ഞു. ഇതില്‍ 20 പേരാണ് ഹൈ റിസ്‌ക് ലിസ്റ്റില്‍ ഉള്ളത്. സ്വകാര്യ ആശുപത്രിയിലേയും കോഴിക്കോട് മെഡിക്കല്‍ കോളജിലേയും ഓരോ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ലക്ഷണങ്ങളുള്ളതെന്നും മന്ത്രി പറഞ്ഞു.

നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് പ്രത്യേക കണ്‍ട്രോള്‍ റൂം ആരംഭിച്ചു. കോവിഡ് കണ്‍ട്രോള്‍ റൂമിന് പുറമേയാണിത്. ജനങ്ങള്‍ക്ക് ഈ സമ്ബറുകളില്‍ (0495-2382500, 0495-2382800) ബന്ധപ്പെടാം. എല്ലാ ദിവസവും വൈകിട്ട് നാല് മണിക്ക് മാധ്യമങ്ങളിലൂടെ നിപ വാര്‍ത്തകള്‍ ജനങ്ങളില്‍ എത്തിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button