കാബൂള്‍: അഫ്ഗാനിസ്ഥാന്‍ പ്രതിരോധ സേനയുടെ നിയന്ത്രണത്തിലായിരുന്ന പഞ്ച്ശീര്‍ പ്രവിശ്യ പൂര്‍ണമായി പിടിച്ചെടുത്തതായി താലിബാന്‍. താലിബാന്‍ വക്താവ് സബീഹുല്ല മുജാഹിദ് ആണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ പ്രതിരോധ സേനയുടെ തലവനായ അഹ്മദ് മസൂദ് താലിബാന്റെ അവകാശവാദത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. പ്രതിരോധ സേനയുടെ നിയന്ത്രണത്തിലുള്ള അവശേഷിക്കുന്ന ഒരേയൊരു മേഖലയായിരുന്നു പഞ്ച്ശീര്‍.
പഞ്ച്ശീര്‍ പ്രവിശ്യ പിടിച്ചെടുത്തത് പാകിസ്ഥാന്‍ സൈന്യത്തിന്റെ പിന്തുണയോടെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രവിശ്യ കൈയടക്കിയതിനു പിന്നാലെ പ്രവിശ്യാ ഗവര്‍ണറുടെ കോമ്പൗണ്ട് ഗേറ്റിന് മുന്നില്‍ താലിബാന്‍ തീവ്രവാദികള്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ശക്തമായ ചെറുത്തുനില്‍പ്പാണ് പഞ്ച്ശീറില്‍ നിന്നും താലിബാന് നേരിടേണ്ടി വന്നത്.
കഴിഞ്ഞ ദിവസം പഞ്ച്ശീര്‍ പ്രവിശ്യ പിടിച്ചടക്കിയതായി അവകാശപ്പെട്ട് താലിബാന്‍ ആഘോഷം നടത്തിയത് വെടിയുതിര്‍ത്തു കൊണ്ടായിരുന്നു. ഈ ആഘോഷത്തിനിടെ താലിബാന്റെ വെടിയേറ്റ് കുട്ടികളടക്കം നിരവധി പേര്‍ മരിച്ചു. ഇതിന്റെ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് പാക് മാധ്യമങ്ങളുടെ സൃഷ്ടിയാണെന്നായിരുന്നു അന്ന് പ്രതിരോധ സേന വ്യക്തമാക്കിയത്. എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് താലിബാന്‍ പഞ്ച്ശീര്‍ പൂര്‍ണമായി നിയന്ത്രണത്തില്‍ ആക്കിയിരിക്കുകയാണ്.
Post Your Comments