ടെല്‍ അവീവ്: ‘നിങ്ങളില്‍ നിന്നെല്ലാം ദൂരെ, ഈ ജയിലഴികള്‍ക്കുള്ളില്‍, കൈകള്‍ വിലങ്ങുവെച്ച അവസ്ഥയില്‍ പ്രസവിക്കേണ്ടി വന്നാല്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത്?, ഇസ്രായേലില്‍ തടങ്കലില്‍ കഴിയുന്ന ഒമ്പത് മാസം ഗര്‍ഭിണിയായ പാലസ്തീന്‍ യുവതിയുടെ ചോദ്യമായിരുന്നു ഇത്. ഈ ചോദ്യം ലോകം ഏറ്റെടുത്തതോടെ യുവതിയെ വീട്ടുതടങ്കലിലേക്ക് മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ് ഇസ്രയേല്‍. മനുഷ്യവകാശപ്രവര്‍ത്തകരില്‍ നിന്നും അന്താരാഷ്ട്ര തലത്തില്‍ നിന്നും സമ്മര്‍ദം ശക്തമായതിനെ തുടര്‍ന്നാണ് അന്‍ഹാര്‍ അല്‍ ദീക് എന്ന 25കാരിയെ ജയിലില്‍ നിന്നും മോചിപ്പിക്കാന്‍ ഇസ്രയേല്‍ കോടതി തീരുമാനിച്ചത്. 12,500 ഡോളറാണ് ജാമ്യത്തുകയായി കെട്ടിവച്ചത്. നവജാതശിശുക്കള്‍ക്ക് പറ്റിയ സ്ഥലമല്ല ജയിലെന്നും ഇത് കുഞ്ഞിന്റെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്നും ഇസ്രയേല്‍ ജഡ്ജി സിവന്‍ ഒമര്‍ വിധിപ്രസ്താവത്തില്‍ പറഞ്ഞു.
സേനാംഗങ്ങളെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന കുറ്റം ചുമത്തി മാര്‍ച്ച് എട്ടിനാണ് കുഫ്‌റ് നിമ എന്ന ഗ്രാമത്തില്‍ നിന്നും അന്‍ഹാറിനെ ഇസ്രയേല്‍ സേന അറസ്റ്റ് ചെയ്തത്. ജയിലില്‍ നിന്നും അന്‍ഹാറെഴുതിയ കത്ത് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. ജയിലില്‍ വച്ച് പ്രസവിക്കേണ്ടി വന്നാല്‍ താനും കുഞ്ഞും അനുഭവിക്കാന്‍ പോകുന്ന ദുരിതങ്ങളെ കുറിച്ചുള്ള ആശങ്കയായിരുന്നു കത്തില്‍. സഹതടവുകാരിയായ മറ്റൊരു പാലസ്തീന്‍ യുവതി ജയിലില്‍ നിന്നുമിറങ്ങിയ സമയത്താണ് അവരുടെ കൈയില്‍ അന്‍ഹാര്‍ രഹസ്യമായി കത്ത് നല്‍കിയത്. ഈ കത്ത് പുറത്ത് വന്നതോടെ അന്‍ഹാറിന്റെ മോചനത്തിനായി നിരവധി പേര്‍ ശബ്ദമുയര്‍ത്തി.
‘നിങ്ങളില്‍ നിന്നെല്ലാം ദൂരെ, ഈ ജയിലഴികള്‍ക്കുള്ളില്‍, കൈകള്‍ വിലങ്ങുവെച്ച അവസ്ഥയില്‍ പ്രസവിക്കേണ്ടി വന്നാല്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത് ? സിസേറിയന്‍ എത്രമാത്രം ദുഷ്‌കരമാണെന്ന് നിങ്ങള്‍ക്കറിയാമല്ലോ, ഞാന്‍ ഇവിടെ ഒറ്റയ്ക്ക് ഇതെല്ലാം എങ്ങനെ നേരിടും?’ എന്ന് അന്‍ഹാര്‍ കത്തില്‍ ചോദിക്കുന്നു.
1972ലാണ് ആദ്യമായി ഒരു പാലസ്തീന്‍ യുവതി ഇസ്രയേല്‍ ജയിലിനുള്ളില്‍ വച്ച് കുഞ്ഞിന് ജന്മം നല്‍കിയത്. പിന്നീട് എട്ടോളം യുവതി ഇത്തരത്തില്‍ പ്രസവിച്ചു. പ്രസവസമയത്ത് തങ്ങളുടെ കൈകാലുകള്‍ കട്ടിലിനോട് ചേര്‍ത്ത് ബന്ധിച്ചിരുന്നുവന്ന് പിന്നീട് യുവതികള്‍ വെളിപ്പെടുത്തിയിരുന്നു. സമാനമായ അനുഭവമായിരിക്കും തനിക്കും നേരിടേണ്ടി വരികയെന്നാണ് അന്‍ഹാറും ആശങ്കപ്പെട്ടിരുന്നത്. ഇവയെല്ലാം ചൂണ്ടിക്കാട്ടിയായിരുന്നു അന്‍ഹാറിന്റെ മോചനത്തിനായി മനുഷ്യാവകാശ സംഘടനകള്‍ പ്രതിഷേധം ശക്തമാക്കിയിരുന്നത്.
Post Your Comments