തൊടുപുഴ: ഇടുക്കി പണിക്കൻകുടിയിൽ സിന്ധുവെന്ന വീട്ടമ്മയെ അടുക്കളയിൽ കൊന്നുകുഴിച്ചുമൂടിയ കേസിൽ പിടിയിലായ പ്രതി ബിനോയ് കുറ്റം സമ്മതിച്ചു. കഴിഞ്ഞ ഇരുപതുദിവസമായി ഒളിവിലായിരുന്ന ബിനോയ് ഇന്നാണ് പൊലീസിന്റെ പിടിയിലായത്. സിന്ധുവിനോട് തോന്നിയ സംശയമാണ് കൊലപാതകത്തിലേക്ക് എത്തിയതെന്നാണ് ബിനോയുടെ കുറ്റസമ്മതം.
പിടിയിലാകുമെന്ന് കരുതിയ പ്രതി സ്ഥിരമായി ഉപയോഗിച്ചിരുന്ന സിംകാർഡ് ഉപേക്ഷിച്ചിരുന്നു. പ്രതിയുടെ തന്നെ മറ്റൊരു ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുടുങ്ങിയത്. വനത്തിൽ നിന്നിറങ്ങി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി പൊലീസിന്റെ വലയിലായത്. കൊലപാതകം നടന്ന ദിവസം സിന്ധുവും ബിനോയും തമ്മിൽ വഴക്കുണ്ടായി. കഴുത്തു ഞെരിച്ചാണ് സിന്ധുവിനെ കൊലപ്പെടുത്തിയത്.
Also Read: കോൺഗ്രസിലെ വെടിനിർത്തൽ: രാജ്മോഹൻ ഉണ്ണിത്താനോട് വിശദീകരണം തേടാനൊരുങ്ങി കെപിസിസി
കൊല നടത്തിയ ശേഷം കേരളം വിട്ട ബിനോയ് തമിഴ്നാട്ടിലും കേരളത്തിലെ വിവിധ ജില്ലകളിലുമായിട്ടായിരുന്നു ഒളിവിൽ കഴിഞ്ഞത്. രണ്ട് ദിവസം മുൻപ് പെരിഞ്ചാംകുട്ടിയിൽ എത്തി. ഇവിടെ വെച്ചാണ് പൊലീസ് പിടിയിലായത്. പ്രതിയെ നാളെ കൊലനടന്ന സ്ഥലത്തെത്തിച്ചു തെളിവെടുക്കും. കാണാതായ സിന്ധുവിനായി പൊലീസ് അന്വേഷണം നടത്തിയിരുന്നെങ്കിലും തുമ്പൊന്നും ലഭിച്ചിരുന്നില്ല. സംശയത്തെ തുടർന്ന് സിന്ധുവിന്റെ മകനും സുഹൃത്തുക്കളും അയൽവാസിയുടെ വീട്ടിൽ പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
സിനിമക്കഥയെ വെല്ലുന്ന തരത്തിലുള്ള ക്രമീകരണങ്ങളാണ് പ്രതി ബിനോയ് മൃതദേഹം ഒളിപ്പിക്കാൻ ചെയ്തത്. അടുപ്പിന് താഴെ രണ്ടര അടി താഴ്ചയിൽ കുഴിയെടുത്തു. പൊലീസ് നായക്ക് പോലും മണം കിട്ടാതിരിക്കാൻ കുഴിയിൽ മുളക് വിതറി. വസ്ത്രങ്ങളെല്ലാം ഒഴിവാക്കി മൃതദേഹം പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞശേഷം മറവ് ചെയ്തു. കുഴിക്ക് മുകളിൽ ചാക്ക് വിരിച്ച് അതിൽ ഏലക്ക ഉണക്കാനിട്ടു. പലകുറി പരിശോധിച്ചിട്ടും പൊലീസിന് ഇതൊന്നും കണ്ടെത്താനായിരുന്നില്ല.
Post Your Comments