ന്യൂഡൽഹി: ഇന്ത്യയിലുള്ള അഫ്ഗാൻ പൗരൻമാർക്ക് രാജ്യം വിടാൻ മുൻകൂർ അനുമതി വേണമെന്ന തീരുമാനവുമായി ആഭ്യന്തര മന്ത്രാലയം. അഫ്ഗാൻ പൗരൻമാരെ ഉന്നതതലത്തിൽ അറിഞ്ഞേ തിരിച്ചയയ്ക്കാവൂ എന്നാണ് സർക്കാർ നിർദ്ദേശം. അഫ്ഗാനിസ്ഥാനിൽ സജീവമായി ഇടപെടുന്നു എന്ന് പാക് ചാര സംഘടനയായ ഐസ്ഐ സ്ഥിരീകരിച്ചു. അഫ്ഗാനിസ്ഥാനിലെ പൗരൻമാർ ഇന്ത്യയിലേക്ക് വരുന്നത് തടയില്ലെന്ന് നേരത്തെ കേന്ദ്രം നിലപാടെടുത്തിരുന്നു. നേരത്തെ നല്കിയ വിസകൾ റദ്ദാക്കിയ സർക്കാർ ഇ വിസയ്ക്ക് സൗകര്യം ഏർപ്പെടുത്തി.
ഇന്ത്യയിലുള്ള അഫ്ഗാൻ പൗരൻമാർ മറ്റു രാജ്യങ്ങളിലേക്ക് പോകാൻ അനുമതിക്ക് യുഎൻ ഓഫീസിനു മുന്നിൽ സമരത്തിലാണ്. ഇവരുടെ യാത്ര ഇന്ത്യ കൂടി അറിഞ്ഞു വേണം എന്ന വ്യവസ്ഥയാണ് ഇപ്പോൾ ആഭ്യന്തരമന്ത്രാലയം ഏർപ്പെടുത്തിയിരിക്കുന്നത്. അഫ്ഗാൻ എംപി രംഗീന കർഗറിനെ വിമാനത്താവളത്തിൽ തിരിച്ചയച്ചത് വിവാദമായിരുന്നു. ഈ സാഹചര്യത്തിൽ ആണ് ആരെയെങ്കിലും തിരിച്ചയക്കുന്നത് ഉന്നതതലത്തിൽ അറിഞ്ഞേ പാടുള്ളു എന്ന് നിർദ്ദേശിച്ചിരിക്കുന്നത്.
Read Also: ഡ്രൈവിംഗ് ലൈസൻസ് കാലാവധി തീർന്നാൽ എന്ത് ചെയ്യണം, പുതുക്കേണ്ടത് എങ്ങനെ?: അറിയേണ്ടതെല്ലാം
അഫ്ഗാനിസ്ഥാനിൽ എത്തിയ പാക് ചാര സംഘടന ഐഎസ്ഐയുടെ മേധാവി ലഫ്റ്റനൻറ് ജനറൽ ഫയിസ് ഹമീദ് സർക്കാർ രൂപീകരണത്തിനായി അവിടെ തുടരുകയാണ്. വടക്കൻ പ്രവിശ്യയിലെ സംഘർഷത്തിലും താലിബാനെ പാകിസ്ഥാൻ സഹായിക്കുകയാണ്. താലിബാനും ഹഖ്ഖാനി നെറ്റ്വർക്കും തമ്മിലുള്ള തർക്കം തീർക്കാനുള്ള ഇടപെടലും ഐസ്ഐ നടത്തുന്നു എന്നാണ് സൂചന. ഈ സാഹചര്യം ഗൗരവത്തോടെ കാണുന്നു എന്ന് വിദേശകാര്യവൃത്തങ്ങൾ പറയുന്നു. എന്നാൽ താലിബാനോടുള്ള പഴയ അകൽച്ച വേണ്ടെന്നും അവരെ അംഗീകരിക്കണമെന്നും മുൻ വിദേശകാര്യമന്ത്രി യശ്വന്ത് സിൻഹ നിർദ്ദേശിച്ചു. അടുത്തയാഴ്ച നടക്കുന്ന ഷാങ്ഹായി സഹകരണ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ അഫ്ഗാൻ വിഷയത്തിലെ ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയേക്കും. പാകിസ്ഥാൻറെ ചാര സംഘടനയുടെയും ഭീകരഗ്രൂപ്പുകളുടെയും ഇടപെടലിൽ ഉള്ള അതൃപ്തിയാകും ഇന്ത്യ അറിയിക്കുക.
Post Your Comments