കോഴിക്കോട്: കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന 12കാരന് മരിച്ചത് നിപ വൈറസ് മൂലമെന്ന് സ്ഥിരീകരിച്ചതോടെ കനത്ത ജാഗ്രതയിൽ സംസ്ഥാനം . മാവൂര്‍ മുന്നൂര് വായോളി അബൂബക്കറിന്റെ മകന് മുഹമ്മദ് ഹാഷിം (12) ആണ് മരിച്ചത്. പുലര്‍ച്ചെ 4.45ന് കോഴിക്കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന കുട്ടിയെ രണ്ട് ദിവസം മുമ്പാണ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പൂനെ വൈറോളജി ഇന്‍സ്റ്റിസ്റ്റ്യൂട്ടിലേക്കയച്ച മൂന്ന് സാമ്പിളിന്റെയും പരിശോധനാഫലം പോസിറ്റീവാണ് . ആരോഗ്യ മന്ത്രി തന്നെ ഇത് സ്ഥിരീകരിച്ചിരിക്കുകയാണ്. ഉമ്മിണിയില്‍ വാഹിദയാണ് മുഹമ്മദ് ഹാഷിമിന്റെ മാതാവ്. ഈ മാസം ഒന്നാം തീയതിയാണ് കോഴിക്കോട് 12 വയസ്സുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ ഐസൊലേറ്റഡ് ഐസിയുവില്‍ ചികിത്സയിലായിരുന്നു. കുട്ടികളുടെ ബന്ധുക്കളെയും അയല്‍വാസികളെയുമൊക്കെ നിരീക്ഷണത്തിലാക്കി. ഈ ഭാഗത്തുള്ള റോഡുകള്‍ അടച്ചിരിക്കുകയാണ്.
ഛര്‍ദിയും മസ്തിഷ്ക ജ്വരവും ബാധിച്ച കുട്ടിയെ ഈ മാസം ഒന്നാം തീയതിയാണ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിപാ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചത്. നിപ ബാധിച്ചുള്ള മരണത്തെത്തുടര്‍ന്ന് ആരോഗ്യ മന്ത്രി കോഴിക്കോട്ടേക്ക് പുറപ്പെട്ടിട്ടുണ്ട്. മന്ത്രിമാരും ആശുപത്രിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക മീറ്റിങ് വിളിച്ചിട്ടുണ്ട്. വൈദ്യ സംഘവും കോഴിക്കോട്ടേക്ക് തിരിച്ചിട്ടുണ്ട്.
2018ല്‍ കോഴിക്കോട്ട് 17 പേരാണ് നിപ ബാധിച്ച് മരിച്ചത്. നിരീക്ഷണത്തിലിരിക്കുന്ന ആര്‍ക്കും രോഗലക്ഷണങ്ങള്‍ ഇതുവരെ ഇല്ലെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. തുടക്കം സാധാരണ പനിയായിരുന്നു. പനിബാധിച്ച കുട്ടിയെ ആദ്യം ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഭേദമാകാതിരുന്നതോടെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അവിടെ കുറച്ച് സമയം തുടര്‍ന്നു. ഇവിടെ നിന്നാണ് ഒന്നാം തിയതിയോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.
സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ 104 ഡിഗ്രി പനിയുണ്ടായിരുന്നു . മസ്തിഷ്കജ്വരവും ഛര്‍ദ്ദിയും ഉണ്ടായിരുന്നു. അബോധാവസ്ഥയിലായിരുന്ന കുട്ടി ആറ് ദിവസമായി വെന്റിലേറ്ററിലായിരുന്നു. ഇതിനിടയില്‍ ഡോക്ടര്‍മാക്ക് സംശയം തോന്നിയാണ് സാമ്പിളുകള്‍ പരിശോധനയക്കയച്ചത്. ശനിയാഴ്ച രാത്രി തന്നെ ഫലം ലഭ്യമായിരുന്നെങ്കിലും ആരോഗ്യ വകുപ്പ് ഇന്നാണ് സ്ഥീരികരിച്ചത്.
Post Your Comments