തിരുവനന്തപുരം: കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ മികച്ച ടെലിവിഷന്‍ പരിപാടികള്‍ക്കുള്ള അവാര്‍ഡുകള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇത്തവണ മികച്ച സീരിയലുകൾക്ക് മാത്രം അവാർഡ് നൽകിയില്ല. തങ്ങളുടെ മുന്‍പിലെത്തിയ സീരിയലുകളില്‍ മികച്ച ഒരെണ്ണവും ഉണ്ടായിരുന്നില്ല എന്നും നിലവാരമില്ലാത്തതിനാൽ അവാർഡിന് അർഹമല്ലെന്നുമായിരുന്നു ജൂറി അഭിപ്രായപ്പെട്ടത്. എന്നാൽ, ജൂറിയുടെ ഈ തീരുമാനത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എ.
Also Read:നിപ: രോഗവ്യാപനം തടയാനുള്ള കർമ്മ പദ്ധതി തയ്യാറാക്കിയതായി മന്ത്രി മുഹമ്മദ് റിയാസ്
ഇത്തവണ നിലവാരമില്ലെന്ന് പറഞ്ഞ് സീരിയലുകള്‍ക്ക് സംസ്ഥാന അവാര്‍ഡ് നല്‍കാതിരുന്ന ജൂറി നടപടി ശരിയല്ലെന്ന് ഗണേഷ് കുമാര്‍ പറയുന്നു. അവാര്‍ഡിന് ക്ഷണിച്ച ശേഷം നിരാകരിക്കുന്നത് മര്യാദകേടാണെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. ടെലിവിഷന്‍ അഭിനേതാക്കളുടെ സംഘടനയായ ആത്മയുടെ പ്രസിഡന്റാണ് ഗണേഷ് കുമാര്‍. കേരളത്തിലെ പ്രേക്ഷകരുടെ ആസ്വാദന നിലവാരത്തെ കളിയാക്കുന്നതാണ് ജൂറിയുടെ നടപടിയെന്ന് അദ്ദേഹം പറഞ്ഞു.
നേരത്തെ, ജൂറി നിലപാടിനെതിരെ നടൻ ഹരീഷ് പേരടിയും രംഗത്ത് വന്നിരുന്നു. അവാർഡുകൾ പ്രഖ്യാപിച്ച ജൂറി അംഗങ്ങളുടെ വീട്ടിലേക്ക് വൈകുന്നേരം ചെന്നാല്‍ 7മണിമുതല്‍ 9 മണി വരെ സീരിയലുകള്‍ ഓടികൊണ്ടിരിക്കുകയായിരിക്കുമെന്നും ഇവരുടെ വീടുകളില്‍ തകരാത്ത എന്ത് നിലവാരമാണ് മറ്റു വീടുകളില്‍ തകരാന്‍ പോകുന്നത് എന്നുമാണ് താരം ചോദിക്കുന്നത്. നിങ്ങളുടെ മുന്നില്‍ വന്ന സിരിയലുകള്‍ ജഡ്ജ് ചെയ്യാനാണ് നിങ്ങളെ വിളിച്ചത്, അല്ലാതെ നിലവാരം പരിശോധിക്കാനല്ല എന്നാണു നടൻ തന്റെ ഫേസ്‌ബുക്കിൽ കുറിച്ചത്.
Post Your Comments