ThrissurLatest NewsKeralaNews

സഹോദന്റെ ഓണ്‍ലൈന്‍ കളി: നഷ്ടമായത് മകളുടെ വിവാഹത്തിനായി മാതാപിതാക്കള്‍ കൂലിപ്പണി ചെയ്ത് സമ്പാദിച്ച നാല് ലക്ഷം രൂപ

ബാങ്കില്‍ നിന്നുള്ള മെസേജുകള്‍ വിദ്യാര്‍ത്ഥിയുടെ തന്നെ ഫോണിലേക്കാണ് വന്നത്

തൃശൂര്‍: ഒമ്പതാം ക്ലാസുകാരന്‍ ഓണ്‍ലൈന്‍ ഗെയിം കളിച്ച് നഷ്ടപ്പെടുത്തിയത് സഹോദരിയുടെ വിവാഹത്തിനായി മാതാപിതാക്കള്‍ കരുതി വച്ചിരുന്ന നാല് ലക്ഷം രൂപ. മകളുടെ വിവാഹം ഉറപ്പിച്ചതിന് പിന്നാലെയാണ് പണം മുഴുവന്‍ നഷ്ടപ്പെട്ട വിവരം മാതാപിതാക്കള്‍ അറിയുന്നത്. കൃഷിയും കൂലിപ്പണിയും ചെയ്ത് സമ്പാദിച്ച തുകയാണ് ഓണ്‍ലൈന്‍ ഗെയിമിന് അടിമയായ മകന്‍ നഷ്ടപ്പെടുത്തിയത്.

വിവാഹം അടുത്തപ്പോള്‍ തുക പിന്‍വലിക്കാന്‍ ബാങ്കില്‍ ചെന്നതായിരുന്നു ആ മാതാപിതാക്കള്‍. എന്നാല്‍ അക്കൗണ്ടില്‍ ഒരു രൂപ പോലും ഇല്ലെന്ന് മനസിലാക്കിയ അവര്‍ തകര്‍ന്നു പോയി. ബാങ്ക് അധികൃതരും കൈമലര്‍ത്തിയതോടെ എന്തു ചെയ്യണമെന്ന് അറിയാതെ അവര്‍ വിഷമിച്ചു. പണം ആരൊക്കെയാണ് പിന്‍വലിക്കുന്നതെന്ന് പൊലീസ് പരിശോധിച്ചപ്പോള്‍ പല അക്കൗണ്ടുകളിലേക്കാണ് തുക കൈമാറിയതെന്ന് മനസിലായി. ഒടുവില്‍ ഒമ്പതാം ക്ലാസുകാരനായ മകന്‍ തന്നെയാണ് തുക മാറ്റിയതെന്ന് വ്യക്തമായി.

പഠിക്കാന്‍ മിടുക്കനായിരുന്ന മകന് വീട്ടുകാര്‍ ഒരു മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കിയിരുന്നു. ഇതില്‍ ഉപയോഗിച്ചിരുന്നത് അമ്മയുടെ പേരിലുള്ള സിം കാര്‍ഡാണ്. ഈ നമ്പര്‍ തന്നെയാണ് ബാങ്ക് അക്കൗണ്ടിലും നല്‍കിയിരുന്നത്. ബാങ്കില്‍ നിന്നുള്ള മെസേജുകള്‍ വിദ്യാര്‍ത്ഥിയുടെ തന്നെ ഫോണിലേക്കാണ് വന്നത്. അതുകൊണ്ട് തന്നെ പണം പോകുന്ന വിവരം മറ്റാരും അറിഞ്ഞില്ല. ഇങ്ങനെ തുക മുഴുവന്‍ നഷ്ടപ്പെട്ടു. അബദ്ധം പറ്റിയ ഒമ്പതാം ക്ലാസുകാരന് ഒടുവില്‍ പൊലീസ് കൗണ്‍സിലിംഗ് ഏര്‍പ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button