കാബൂൾ: തുടർച്ചയായ നാലാം ദിവസവും മുൻ അഫ്ഗാൻ സർക്കാരിന്റെ പ്രതിരോധ സേനയും താലിബാനും തമ്മിലുള്ള പോരാട്ടം തുടരുകയാണ്. പഞ്ച്ഷീർ പ്രവിശ്യയിലെ ഷുതുൽ ജില്ല പിടിച്ചെടുത്തുവെന്ന താലിബാൻ വാദത്തെ പഞ്ച്ഷീറിലെ അഫ്ഗാൻ പ്രതിരോധ സേന തള്ളി. ഇന്നലെ വൈകിട്ട് നടന്ന ഏറ്റുമുട്ടലിൽ പ്രതിരോധ സേനയുടെ പോരാട്ട ശക്തിക്ക് മുന്നിൽ അടിപതറിയ താലിബാൻ പ്രതിരോധിക്കാനാകാതെ തളർന്നുവെന്നും പത്തിലധികം മൃതദേഹങ്ങളാണ് താലിബാൻ പ്രവർത്തകർ സ്ഥലത്ത് ഉപേക്ഷിച്ച് മടങ്ങിയതെന്നും അഫ്ഗാനിസ്ഥാന്റെ നോർത്തേൺ റെസിസ്റ്റൻസ് ഫ്രണ്ട് വക്താവ് ഫഹീം ദാഷ്തിയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ ഖാമാ പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
പഞ്ച്ഷീർ പിടിക്കാനുള്ള യുദ്ധത്തിൽ താലിബാനികൾക്ക് നഷ്ടമായത് തങ്ങളുടെ അംഗബലമാണ്. വടക്കൻ പ്രതിരോധ സഖ്യവുമായി ഉണ്ടായ ഏറ്റുമുട്ടലിൽ നൂറുകണക്കിന് ഭീകരരെയാണ് താലിബാന് നഷ്ടമായത്. അഞ്ഞൂറിനും, ആയിരത്തിനും ഇടയിലുള്ള വലിയ സംഘത്തെയായിരുന്നു മസൂദിന്റെയും അംറുള്ള സാലിഹിന്റെയും നേതൃത്വത്തിൽ പ്രതിരോധ സേന നേരിട്ടത്. ഏറ്റുമുട്ടലിൽ മുന്നൂറിലധികം താലിബാനികളെ കൊലപ്പെടുത്തിയതായാണ് റിപ്പോർട്ട്. 230 താലിബാൻ തീവ്രവാദികൾ കീഴടങ്ങുകയും 170 താലിബാനികൾ ബഡാക്ഷാനിൽ നിന്ന് വടക്കൻ സൈന്യത്തോടൊപ്പം ചേരുകയും ചെയ്തു എന്നുമാണ് സൂചന.
350 താലിബാൻ അംഗങ്ങളെ വധിച്ചതായും 290 പേർക്ക് പരിക്കേറ്റതായും പഞ്ച്ഷീറിലെ പ്രതിരോധ സേന അറിയിച്ചു. പ്രവിശ്യയിൽ നിന്ന് ചോർന്ന ഫോട്ടോഗ്രാഫുകൾ കാണിക്കുന്നത് പ്രതിരോധ ശക്തികൾ സോവിയറ്റ് യൂണിയന്റെ കാലഘട്ടത്തിലെ മിസൈലുകൾ, റോക്കറ്റ് ലോഞ്ചറുകൾ, മറ്റ് ആയുധങ്ങൾ എന്നിവ ഉപയോഗിക്കുന്നുണ്ടെന്നാണ്. പഞ്ച്ഷീർ താഴ്വരയിൽ യുദ്ധത്തിൽ കൊല്ലപ്പെട്ട തങ്ങളുടെ നൂറ് കണക്കിന് പോരാളികളുടെ മൃതദേഹങ്ങൾ ഉപേക്ഷിച്ചാണ് താലിബാൻ സംഘം മടങ്ങിയത്. ഉടൻ തിരിച്ചടി ഉണ്ടാകുമെന്നാണ് താലിബാൻ പറയുന്നത്.
വ്യാഴാഴ്ച വടക്കൻ പഞ്ച്ഷീർ പ്രവിശ്യയിൽ പ്രതിരോധ സേനയുമായി താലിബാൻ ഏറ്റുമുട്ടിയതിന് ഒരു ദിവസത്തിന് ശേഷമാണ് മേൽപ്പറഞ്ഞ സംഭവവികാസങ്ങൾ. താലിബാൻ 34 പേരെ കൊന്നതായും സൈന്യത്തിന്റെ 11 ചെക്ക്പോസ്റ്റുകൾ പിടിച്ചെടുത്തതായും പറഞ്ഞു.
Post Your Comments