തിരുവനന്തപുരം: ഇന്നലെ രാജ്യത്ത് 42,346 കോവിഡ് കേസുകള്‍. ഇതില്‍ 29,322ഉം കേരളത്തില്‍. രാജ്യത്താകെ 340 പേരാണ് ഇന്നലെ കോവിഡു കാരണം മരിച്ചത്. ഇതില്‍ 131 എണ്ണവും കേരളത്തില്‍. ആകെയുള്ളത് 3,99,498 കോവിഡ് ആക്ടീവ് കേസുകളാണ് രാജ്യത്ത്. അതില്‍ 2,46,467 പേരും കേരളത്തിലെ ആശുപത്രികളിലാണ് കിടക്കുന്നത്. ഈ കണക്കുകളിലെ പ്രതിസന്ധി കേരളാ സര്‍ക്കാരും തിരിച്ചറിയുന്നു.
ഇനി തള്ളുകളില്ല. നടപടികളിലേക്ക് കടക്കുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കുന്ന സൂചന. അതായത് ആകെ രോഗികളുടെ 95 ശതമാനത്തോളവും ഈ അഞ്ച് സംസ്ഥാനങ്ങളിലാണുള്ളത്. ഫലത്തില്‍ രാജ്യത്തിന്റെ ബഹുഭൂരിഭാഗം സംസ്ഥാനങ്ങളും കോവിഡ് ഭീതിയെ അതിജീവിച്ചു കഴിഞ്ഞു. ഇന്നലെ 2.4 ലക്ഷം പരിശോധന നടത്തിയപ്പോള്‍ യുപിയില്‍ കണ്ടെത്തിയത് വെറും 15 പുതിയ കോവിഡ് കേസുകളാണ്. രോഗവ്യാപനം അതിരൂക്ഷമാകുമ്പോഴും കേരളത്തില്‍ ഇന്നലെ നടന്നത് വെറും 1.6ലക്ഷം ടെസ്റ്റുകാണ്.
കേരളത്തില്‍ 29,232ഉം മഹാരാഷ്ട്രയില്‍ 4313ഉം കര്‍ണ്ണാടകയില്‍ 1220ഉം തമിഴ്‌നാട്ടില്‍ 1566ഉം ആന്ധ്രാപ്രദേശില്‍ 1520 കേസുകളുമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. രണ്ടാം തരംഗത്തില്‍ കോവിഡ് കേസുകള്‍ കുതിച്ചുയരാന്‍ കാരണം പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സംഭവിച്ച വിള്ളലാണെന്നു സംസ്ഥാന സര്‍ക്കാര്‍ സമ്മതിച്ചു കഴിഞ്ഞു. ക്വാറന്റൈന്‍, ഐസലേഷന്‍ വ്യവസ്ഥകള്‍ കര്‍ശനമാക്കുന്നതിനു ചീഫ് സെക്രട്ടറി വി.പി. ജോയി ഇന്നലെ ഇറക്കിയ ഉത്തരവിലാണ് ഇക്കാര്യം പരോക്ഷമായി വ്യക്തമാക്കുന്നത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ ഇപ്പോള്‍ കേരളത്തിലാണ്. പൊലീസും തദ്ദേശ സ്ഥാപനങ്ങളും പിന്മാറുകയും ആരോഗ്യ വകുപ്പിനു വാക്‌സിനേഷനില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വന്നതുമാണു പ്രതിരോധ പ്രവര്‍ത്തനങ്ങളെ തളര്‍ത്തിയത്. രണ്ടാഴ്ച കൊണ്ട് ആക്ടീവ് കേസുകളും രോഗികളുടെ എണ്ണവും കുറയ്ക്കാനാണ് കേരളത്തിന്റെ തീരുമാനം. രാജ്യത്തെ കോവിഡ് ഹബ്ബ് എന്ന പേരുദോഷം ഒഴിവാക്കുകയാണ് ലക്ഷ്യം. ഇതിന് വേണ്ട ഇടപെടലുകള്‍ കേന്ദ്ര മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കൂടി തിരിച്ചറിഞ്ഞ് ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ബന്ധതരാകുമെന്നാണ് സൂചന.
Post Your Comments