ന്യൂഡല്‍ഹി : അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്ത താലിബാനെ പിന്തുണച്ചു ജാർഖണ്ഡിലെ കോൺഗ്രസ് എംഎൽഎ നടത്തിയ പ്രതികരണം വിവാദമാകുന്നു. അഫ്ഗാനിലെ യുഎസ് സേന രാജ്യം വിടാൻ താലിബാൻ മികച്ച രീതിയിലാണു പ്രവർത്തിച്ചതെന്ന് എംഎൽഎയും മുൻ വർക്കിങ് പ്രസിഡന്റുമായ ഇര്‍ഫാൻ അൻസാരി പറഞ്ഞു. അഫ്ഗാനിൽനിന്ന് യുഎസ് സൈനികരെ പുറത്താക്കിയ നീക്കത്തെ അഭിനന്ദിക്കേണ്ടതാണ്.
അഫ്ഗാനിൽ യുഎസ് നടത്തിയ അതിക്രമങ്ങളെക്കുറിച്ച് എല്ലാവർക്കും അറിയാമെന്നും അൻസാരി പ്രതികരിച്ചു. ജാർഖണ്ഡ് നിയമസഭാ സമ്മേളന ദിവസം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അൻസാരി. താലിബാൻ ഭീകര സംഘടനയാണ്. പക്ഷേ യുഎസിനെ പുറത്താക്കാൻ വിപ്ലവാത്മകമായാണു അവർ പ്രവർത്തിച്ചതെന്നും അൻസാരി പറഞ്ഞു. ജനങ്ങൾക്ക് നേരെയുള്ള താലിബാൻ അതിക്രമങ്ങളെക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകൾ തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു.
ബ്രിട്ടീഷ്, അമേരിക്കൻ സൈന്യം എവിടെ പോയാലും അവർ ജനങ്ങളോട് ക്രൂരത കാണിക്കുമെന്നും അവരാണ് ക്രൂരത കാണിക്കുന്നതെന്നും അൻസാരി ആരോപിച്ചു. ഇപ്പോൾ അമേരിക്കൻ സൈന്യം പോയി, ബ്രിട്ടീഷ് സൈന്യത്തെ തുരത്തിയതിനാൽ അഫ്ഗാനിസ്ഥാനിൽ സമാധാനം നിലനിൽക്കുമെന്നും അൻസാരി കൂട്ടിച്ചേർത്തു. അഫ്ഗാനിസ്ഥാനിലോ പാക്കിസ്ഥാനിലോ എന്താണ് സംഭവിക്കുന്നതെന്ന് ആരും തലപുകയ്ക്കേണ്ട കാര്യമില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
Post Your Comments