ന്യൂഡൽഹി : തെരഞ്ഞടുപ്പ് നടത്തി ജമ്മുകശ്മീരിന് പൂർണ്ണ സംസ്ഥാന പദവി നൽകാൻ കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. തയ്യാറെടുപ്പുകൾ നടത്താനായി തെരഞ്ഞെടുപ്പ് കമ്മീഷന് മോദി സർക്കാർ നിർദ്ദേശം നൽകി കഴിഞ്ഞു.
കശ്മീരിലെ ജനങ്ങളുമായി ഇക്കാര്യത്തിൽ ആശയവിനിമയം നടത്താനാണ് കേന്ദ്രസർക്കാരിന്റെ അടുത്ത നീക്കം. ഇതിനായാണ് കേന്ദ്രമന്ത്രിസഭയിലെ മുഴുവൻ അംഗങ്ങളെയും കശ്മീർ സന്ദർശനത്തിനായി അണിനിരത്തുന്നത്. സെപ്റ്റംബർ 10 മുതൽ ഒൻപത് ആഴ്ച സമയമാണ് സന്ദർശനത്തിനായി മോദി സർക്കാർ നിർദ്ദേശിച്ചത്. വിദൂര പ്രദേശങ്ങളിലെത്തി ജനങ്ങളുമായി ആശയവിനിമയം നടത്തണം. വികസന പ്രവർത്തനങ്ങൾ അവലോകനം ചെയ്യണം.
പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ കേന്ദ്രമന്ത്രിമാർക്കും ഇതു സംബന്ധിച്ച് വ്യക്തമായ നിർദ്ദേശം നൽകി കഴിഞ്ഞു. കേന്ദ്ര പദ്ധതികൾ, അവ പൂർത്തീകരിക്കുന്ന സമയം, ജനങ്ങളുടെ മറ്റ് വികസന പദ്ധതികൾ എന്നിവ അവലോകനം ചെയ്യാനും പ്രധാനമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.
Post Your Comments