കാബൂള്‍ :കശ്മീരിലെ മുസ്ലിങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ തങ്ങൾക്ക് അവകാശമുണ്ടെന്ന് താലിബാന്‍. ബിബിസി ഉര്‍ദു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീനാണ് ഈക്കാര്യം പറഞ്ഞത്. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചടക്കിയതോടെ, അവിടം ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിച്ചേക്കുമെന്ന ആശങ്കകൾക്കിടയിലാണ് താലിബാന്‍ വക്താവിന്റെ പരാമര്‍ശം.
‘മുസ്ലിങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ തങ്ങള്‍ക്ക് അവകാശമുണ്ട്. അത് ഇന്ത്യയിലെ കശ്മീരിലായാലും മറ്റേതെങ്കിലും രാജ്യത്തായാലും. നിങ്ങളുടെ സ്വന്തം ജനങ്ങളാണെന്നും നിങ്ങളുടെ പൗരന്മാരാണെന്നും പറഞ്ഞാലും, മുസ്ലീങ്ങള്‍ക്ക് വേണ്ടി ഞങ്ങള്‍ ശബ്ദമുയര്‍ത്തും’- താലിബാന്‍ വക്താവ് സുഹൈല്‍ ഷഹീന്‍ പറഞ്ഞു.
ഇന്ത്യയുമായി സമാധാനപൂര്‍ണമായ ബന്ധമാണ് ആഗ്രഹിക്കുന്നതെന്നും, ഇന്ത്യയിലെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടില്ലെന്നുമാണ് താലിബാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നത്. അഫ്ഗാന്‍ മണ്ണില്‍ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനം അനുവദിക്കില്ലെന്നും താലിബാന്‍ നേതാവ് സൂചിപ്പിച്ചിരുന്നു. ഇതില്‍ നിന്നും താലിബാന്‍ പിന്നോക്കം പോകുന്നതാണ് ഇപ്പോഴത്തെ അഭിപ്രായപ്രകടനമെന്നാണ് നയതന്ത്ര വിദഗ്ധരുടെ വിലയിരുത്തല്‍.
Post Your Comments