ഗാസ: ഈജിപ്ഷ്യൻ സൈന്യം തുരങ്കത്തിലേക്ക് വിഷവാതകം പമ്പ് ചെയ്തതിനെ തുടർന്ന് ഗാസയ്ക്കും ഈജിപ്തിനും ഇടയിലുള്ള കള്ളക്കടത്തിനുപയോഗിക്കുന്ന തുരങ്കത്തിനുള്ളിൽ കുറഞ്ഞത് മൂന്ന് ഫലസ്തീനികൾ എങ്കിലും മരിച്ചതായി റിപ്പോർട്ട്. ഈജിപ്ത്-ഗാസ അതിർത്തിയിലുള്ള ഫിലാഡൽഫി ഇടനാഴിക്ക് കീഴിലുള്ള തുരങ്കങ്ങൾ പലസ്തീനികൾ ഗാസയിലെ ആയുധങ്ങളുൾപ്പെടെ വിവിധ വസ്തുക്കൾ അനധികൃതമായി കടത്താൻ ഉപയോഗിച്ചു വരികയായിരുന്നു.
ഈജിപ്തിനും ഗാസയ്ക്കും ഇടയിലുള്ള റഫ അതിർത്തി കടക്കാൻ, പലസ്തീനികൾ ഈ തുരങ്കങ്ങൾ ഉപയോഗിച്ച് ഹമാസ് ഭരിക്കുന്ന ഗാസ മേഖലയിലേക്ക് ഭക്ഷണം, ഇന്ധനം, ആയുധങ്ങൾ, വെടിമരുന്ന് എന്നിവ കടത്തുന്നു. ഈജിപ്ഷ്യൻ സൈന്യം ലക്ഷ്യമിട്ട തുരങ്കം ഈജിപ്തിലെ സീനായ് ഉപദ്വീപ് മുതൽ ഗാസ മുനമ്പ് വരെ നീളുന്നതായിരുന്നു. അതേസമയം സംഭവത്തിൽ ഇരകളായത് തുരങ്കത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികളാണ് എന്നാണ് പലസ്തീന്റെ പ്രതികരണം.
തുരങ്കത്തിലെ തൊഴിലാളികളുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി ഗാസയിലെ വൃത്തങ്ങൾ പറഞ്ഞു. അതേസമയം കള്ളക്കടത്ത് തുരങ്കങ്ങൾ ഈജിപ്ത് ആക്രമിക്കുന്നത് ഇതാദ്യമായല്ല. 2010 ൽ, ഈജിപ്ഷ്യൻ സൈന്യം അത്തരം തുരങ്കങ്ങളിലൊന്നിലേക്ക് വാതകം പമ്പ് ചെയ്യുകയും 4 ഫലസ്തീനികൾ മരിക്കുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
2009 ൽ ഈജിപ്ത് ഗാസയുടെ 4 കിലോമീറ്റർ അതിർത്തിയിൽ ഒരു സ്റ്റീൽ ബാരിയർ നിർമ്മിക്കാൻ തുടങ്ങി. ഗമാ സ്ട്രിപ്പിന്റെ അതിർത്തിയിൽ ഹമാസ് വിപുലമായ തുരങ്ക ശൃംഖല തന്നെ ഉണ്ടാക്കി വരികയായിരുന്നു. അവ ‘ഹമാസ് മെട്രോ’ എന്നറിയപ്പെടുന്നു. ഈ വർഷം മേയിൽ, ഹമാസ് ഇസ്രായേലിൽ നടത്തിയ റോക്കറ്റ് ബോംബാക്രമണത്തിന് പ്രതികാരമായി ഇസ്രായേൽ-ഗാസ അതിർത്തിയിലെ നിരവധി തുരങ്കങ്ങളിൽ ഇസ്രയേൽ ബോംബെറിഞ്ഞിരുന്നു.
Post Your Comments