
തിരുവനന്തപുരം: കോവിഡിന്റെ പിടിയിലമര്‍ന്ന ടൂറിസം മേഖല ഉണര്‍ന്നു കഴിഞ്ഞു. ഇനി സഞ്ചാര കാലം. കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന സ്ഥലങ്ങളിലൊന്നായ പൊന്മുടിയില്‍ ഇപ്പോള്‍ മൂടല്‍ മഞ്ഞ് കാണാന്‍ നല്ല തിരക്കാണ്. വാക്‌സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് പൊന്മുടിയിലേക്ക് ഒരു അടിപൊളി യാത്ര നടത്താം. എന്നാല്‍ പൊന്മുടിയിലേക്കുള്ള യാത്രയെ ദുഷ്‌കരമാക്കുന്നത് തകര്‍ന്നുകിടക്കുന്ന റോഡുകളാണ്. എങ്കിലും മൂടല്‍ മഞ്ഞ് ആസ്വദിച്ചുള്ള യാത്രയുടെ അനുഭവം വേറൊന്നു തന്നെയാണ്.
തിരുവനന്തപുരം നഗരത്തില്‍ നിന്നും 53 കിലോമീറ്റര്‍ വടക്ക് കിഴക്കുമാറി സ്ഥിതിചെയ്യുന്ന ഈ സ്ഥലം സമുദ്രനിരപ്പില്‍ നിന്നും 1100 മീറ്റര്‍ ഉയരത്തിലാണ്. സീതാതീര്‍ത്ഥത്തിലേയ്ക്കും വരയാട്ടുമൊട്ടയിലേയ്ക്കും രണ്ട് ട്രക്കിംഗ് പാക്കേജുകളും ഇവിടെയുണ്ട്. സീതാതീര്‍ത്ഥത്തിലേക്ക് പത്തുപേരടങ്ങുന്ന സംഘത്തിന് 2000 രൂപ നല്‍കി ട്രക്കിംഗ് നടത്താം. വരയാട്ടുമൊട്ടയിലേക്ക് അഞ്ചുപേരടങ്ങുന്ന സംഘത്തിന് 3500 രൂപയാണ് ട്രക്കിംഗ് ഫീസ്. രണ്ടിനും വനംവകുപ്പിന്റെ ഗൈഡിന്റെ സേവനം ലഭിക്കും. വനംവകുപ്പും, പൊന്മുടി പൊലീസും ഇവര്‍ക്കാവശ്യമായ സൗകര്യം ഒരുക്കും.
ആനപ്പാറ, കല്ലാര്‍ ചെക്പോസ്റ്റുകളില്‍ സന്ദര്‍ശകരേയും വാഹനങ്ങളേയും സുരക്ഷാപരിശോധനകള്‍ക്ക് വിധേയമാക്കി. കല്ലാര്‍ ചെക്പോസ്റ്റില്‍ ‘ബ്രേക്ക് ദി ചെയ്ന്‍’ മാനദണ്ഡങ്ങള്‍ അനുസരിച്ച് സാനിറ്ററൈസേഷന്‍ നടത്തിയശേഷമാണ് അപ്പര്‍ സാനിട്ടോറിയത്തിലേക്ക് സഞ്ചാരികളെ കടത്തിവിടുകയുള്ളൂ. ചെക്പോസ്റ്റില്‍ സന്ദര്‍ശകര്‍ തന്നെ കൊണ്ടുവരുന്ന സാനിറ്റൈസര്‍, ഗ്ലൗസ് എന്നിവ ഉപയോഗിച്ച ശേഷം കടത്തിവിടും. മദ്യം, പ്ലാസ്റ്റിക് എന്നിവ പൂര്‍ണമായും ഒഴിവാക്കണം.
പൊന്മുടി അടച്ചിട്ടതോടെ നൂറുകണക്കിന് തോട്ടം തൊഴിലാളി കുടുംബങ്ങളാണ് വരുമാനമില്ലാതെ കഷ്ടപ്പെട്ടിരുന്നത്. കല്ലാര്‍ മുതലുള്ള നൂറുകണക്കിന് ചെറുകിട കച്ചവടകേന്ദ്രങ്ങള്‍, ഹോട്ടലുകള്‍, വഴിയോരക്കച്ചവടക്കാര്‍, തോട്ടം തൊഴിലാളികള്‍ എന്നിവരെല്ലാം പൊന്മുടി തുറന്നതോടെ ഏറെ സന്തോഷത്തിലാണ്. കൂടാതെ സന്ദര്‍ശകര്‍ക്ക് സന്തോഷം പകരുന്നതിനായി പൊന്‍മുടി ലോവര്‍ സാനിട്ടോറിയത്തിലും അപ്പര്‍ സാനിട്ടോറിയത്തിലും കോടിക്കണക്കിന് സൗന്ദര്യവല്‍ക്കരണ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കിയിരിക്കുന്നത്.
Post Your Comments