തിരുവനന്തപുരം: ഡി.സി.സി അധ്യക്ഷന്‍മാരുടെ പ്രഖ്യാപനവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കം പരിഹരിക്കാന്‍ മുന്നിട്ടിറങ്ങി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇതിന്റെ ഭാഗമായി ഉമ്മന്‍ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും ഫോണില്‍ നേരിട്ട് വിളിച്ച് അനുനയിപ്പിക്കാന്‍ ശ്രമിച്ചു. ഈ മാസം ആറിന് ചേരുന്ന യു.ഡി.എഫ് മുന്നണി യോഗത്തില്‍ പങ്കെടുക്കണമെന്ന് ഇരുനേതാക്കളെയും വി.ഡി സതീശന്‍ ക്ഷണിച്ചു. ഡിസിസി അധ്യക്ഷന്‍മാരുടെ പട്ടിക പ്രഖ്യാപനത്തെ തുടര്‍ന്നാണ് ഇരു നേതാക്കളും അതൃപ്തി പരസ്യമാക്കി രംഗത്ത് വന്നത്. കാര്യങ്ങള്‍ വിശദമായി സംസ്ഥാനത്ത് ചര്‍ച്ച ചെയ്തില്ലെന്ന ആരോപണമാണ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ഉന്നയിച്ചത്. പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും ഇരുവരെയും തള്ളുകയും ചെയ്തു.
പുതിയ നേതൃത്വം സ്ഥാനം ഏറ്റെടുത്തതിന് ശേഷമുള്ള യുഡിഎഫിന്റെ ആദ്യ സമ്പൂര്‍ണ യോഗമാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് ചേരുന്നത്. ഘടകകക്ഷികള്‍ പങ്കെടുക്കുന്ന യോഗം ചേരുന്നതിന് മുന്‍പ് തന്നെ പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ ഒരു പരിധിവരെയെങ്കിലും പരിഹരിക്കണമെന്ന നിലപാടിലേക്ക് കോണ്‍ഗ്രസ് നേതൃത്വം എത്തിയതിനെ തുടര്‍ന്നാണ് വി.ഡി സതീശന്‍ നേരിട്ട് അനുനയനീക്കം നടത്തുന്നത്. കഴിഞ്ഞ ദിവസം കണ്ണൂര്‍ ഡി.സി.സി ഓഫീസിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും നേരിട്ട് പങ്കെടുത്തിരുന്നില്ല. ഓണ്‍ലൈന്‍ വഴിയാണ് ഇരുവരും പങ്കെടുത്തത്.
Post Your Comments