കാബൂൾ : അഫ്ഗാനിസ്ഥാനിലെ പഞ്ച്ശീർ പ്രവിശ്യയിൽ താലിബാനും പ്രതിരോധ സേനയും തമ്മിൽ കനത്ത ഏറ്റുമുട്ടൽ. താലിബാൻ തീവ്രവാദികളും താലിബാൻവിരുദ്ധ ഗ്രൂപ്പും തമ്മിൽ അഫ്ഗാനിലെ പഞ്ച്‌ശീർ താഴ്‌വരയിൽ വ്യാഴാഴ്ച രാത്രി കനത്ത പോരാട്ടം ഉണ്ടായതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. അഫ്ഗാന്റെ ആധിപത്യം താലിബാൻ ഏറ്റെടുത്തതു മുതൽ പ്രതിരോധസേന താലിബാനെ ചെറുക്കാനുള്ള ശ്രമത്തിലാണ്.
കഴിഞ്ഞദിവസം പഞ്ച്ശീറിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച 40 താലിബാൻകാരെ കൊലപ്പെടുത്തിയതായി പ്രതിരോധസേനയുടെ ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി പഞ്ച്ശീറിൽ ഏറ്റുമുട്ടൽ തുടരുകയാണ്. കഴിഞ്ഞ ദിവസം രാത്രി മുതലാണ് പോരാട്ടം കനത്തത്. സകല ശക്തിയുമെടുത്ത് പ്രതിരോധ സേനയെ കീഴടക്കാനാണ് താലിബാൻ ശ്രമിക്കുന്നതെന്നാണു റിപ്പോർട്ട്.
ഇരുകൂട്ടരും തമ്മിലുള്ള ചർച്ചകൾ പരാജയപ്പെട്ടിരുന്നു. കാബൂളിന് 90 മൈൽ വടക്ക് ഹിന്ദു കുഷ് പർവതനിരകളിലാണ് പഞ്ച്ശീർ താഴ്വര. കഴിഞ്ഞ 2 മാസത്തിനുള്ളിൽ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ മിന്നലാക്രമണം നടത്തിയിട്ടും പ്രതിരോധത്തിന്റെ ഈ ശക്തികേന്ദ്രത്തെ കീഴ്പ്പെടുത്താൻ താലിബാനു കഴിഞ്ഞിട്ടില്ല.
Post Your Comments