കൊച്ചി: കൊച്ചിയില് പതിനേഴുകാരിയെ പീഡിപ്പിച്ച കേസില് പ്രതി അറസ്റ്റിലായി. വയനാട് സ്വദേശിയായ ജോബിന് ജോണിനെയാണ് കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തത്. വയനാട്ടില് വെച്ചായിരുന്നു അറസ്റ്റ്. വൈകീട്ടോടെ ഇയാളെ കൊച്ചിയിലെത്തിക്കും. മാസങ്ങളായി ഇയാള് പെൺകുട്ടിയുടെ വീട്ടിലെത്തി പീഡനം തുടരുകയായിരുന്നു. പെൺകുട്ടിയുടെ അകന്ന ബന്ധു കൂടിയാണ് പ്രതി.
ചികിത്സയ്ക്കെത്തിയ പെൺകുട്ടി ഇന്നലെ ആശുപത്രി ശുചിമുറിയിലാണ് കുഞ്ഞിനെ പ്രസവിച്ചത്. സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയില് ആറുമാസം പ്രായമായ ഗർഭസ്ഥ ശിശുവിന്റെ ഭ്രൂണം കണ്ടെത്തിയതോടെയാണ് വിവരം പുറത്തറിയുന്നത്. ശുചിമുറിയിൽ ഗർഭസ്ഥ ശിശുവിന്റെ ഭ്രൂണം ആദ്യം കണ്ടത് ശുചീകരണ തൊഴിലാളികളാണ്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രാവിലെ ആശുപത്രിയില് ചികിത്സക്കെത്തിയ 17വയസുകാരിയുടെ കുഞ്ഞാണിതെന്ന് ബോധ്യപ്പെടുന്നത്.
വയറുവേദനയ്ക്ക് ഡോക്ടറെ കാണുന്നതിനാണ് 17കാരിയും അമ്മയും ആശുപത്രിയിലെത്തിയത്. ആറ് മാസം ഗർഭിണിയായിരുന്നു പെൺകുട്ടി. വിവരമറിഞ്ഞെത്തിയ പൊലീസ് തുടർ ചികിത്സയില് കഴിയുന്ന പെൺകുട്ടിയുടെ പ്രാഥമിക മൊഴിയെടുത്തു.തുടർന്ന് , പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തില് പോക്സോ കേസെടുത്ത് പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യുവാവിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തത്.
Post Your Comments