
ഇരട്ട ആനക്കുട്ടികളുടെ ജനനത്തോടെ ലോകശ്രദ്ധ നേടിയിരിക്കുകയാണ് ശ്രീലങ്കയിലെ പിനാവാളാ എലഫന്റ് ഓര്‍ഫനേജിലെ കുട്ടിക്കുറുമ്പന്‍മാരായ ആനക്കുട്ടികളും അമ്മയും. സുരംഗി എന്ന 25 വയസുള്ള ആനയാണ് ഒറ്റ പ്രസവത്തില്‍ രണ്ട് കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. ആനകള്‍ക്കിടയില്‍ ഇരട്ടക്കുട്ടികള്‍ ജനിക്കുന്നത് ലോകത്ത് തന്നെ അപൂര്‍വ സംഭവമാണ്. ശ്രീലങ്കയില്‍ 80 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇങ്ങനെയൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 1941ന് മുമ്പ് ഇരട്ട കുട്ടികള്‍ ജനിച്ചിട്ടുണ്ട്. കുട്ടിയാനകളുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
ആനയമ്മയും കുട്ടിക്കുറുമ്പന്‍മാരായ രണ്ടു മക്കളും ശ്രീലങ്കയിലെ പിനാവാളാ എലഫന്റ് ഓര്‍ഫനേജില്‍ സുഖമായി ഇരിക്കുന്നു. കുഞ്ഞുങ്ങള്‍ വലുപ്പത്തില്‍ ചെറുതാണെങ്കിലും ആരോഗ്യവാന്മാരാണ്. 1975 ല്‍ സ്ഥാപിച്ചതാണ് പിനാവാളാ എലിഫന്റ് ഓര്‍ഫനേജ്. കാട്ടില്‍ നിന്നും നാട്ടിലിറങ്ങുന്ന ആനകളെ സംരക്ഷിക്കുകയെന്ന ഉദ്ദേശത്തോടെയാണ് ഇതിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. നിലവില്‍ 81 ആനകളാണ് ഇവിടെ ഉള്ളത്. തിരക്കേറിയ വിനോദ സഞ്ചാര കേന്ദ്രം കൂടിയായ ഇവിടം കോവിഡിന്റെ പശ്ചാത്തലത്തില്‍ അടച്ചിട്ടിരിക്കുകയാണ്. അതുകൊണ്ട് ആനക്കുട്ടികളെ നേരിട്ട് കാണാന്‍ സന്ദര്‍ശകര്‍ കോവിഡ് കഴിയുന്നതുവരെ കാത്തിരിക്കേണ്ടി വരും.
Post Your Comments