COVID 19ThrissurKeralaLatest News

കോവിഡ് ബാധിച്ച്‌ ശ്വാസതടസ്സം നേരിട്ട പിഞ്ചുകുഞ്ഞിന് കൃത്രിമശ്വാസം നല്‍കി ജീവിതത്തിലേക്ക് കൈപിടിച്ച്‌ അയൽവാസിയായ നഴ്‌സ്

കോവിഡ് കാലമായതിനാല്‍ കൃത്രിമ ശ്വാസം നല്‍കരുതെന്ന പ്രോട്ടോക്കോള്‍ ഗൗനിക്കാതെ ശ്രീജ, ചുണ്ടോടു ചുണ്ട് ചേര്‍ത്ത് കുട്ടിക്ക് കൃത്രിമശ്വാസം നല്‍കി.

തൃശൂർ: ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചലനമറ്റ രണ്ടര വയസ്സുകാരിയെ മരണത്തിന്റെ വക്കില്‍ നിന്നും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന് നഴ്‌സ് ശ്രീജ. തൃശൂര്‍ പുതുക്കാട്ടാണ് സംഭവം. നെന്മണിക്കര പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ പാലിയേറ്റിവ് നേഴ്‌സ് ശ്രീജ പ്രമോദ് ആണ്, ശ്വാസതടസ്സം മൂലം ചലനമറ്റ അയല്‍വാസിയായ രണ്ടു വയസ്സുകാരിയുടെ രക്ഷകയായത്.

കോവിഡ് കാലമായതിനാല്‍ കൃത്രിമ ശ്വാസം നല്‍കരുതെന്ന പ്രോട്ടോക്കോള്‍ ഗൗനിക്കാതെ ശ്രീജ, ചുണ്ടോടു ചുണ്ട് ചേര്‍ത്ത് കുട്ടിക്ക് കൃത്രിമശ്വാസം നല്‍കി. ആ ശ്വാസമാണു കുഞ്ഞിന്റെ ജീവന്‍ നിലനിര്‍ത്തിയതെന്ന് ആശുപത്രിയിലെത്തിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ പറഞ്ഞതോടെ, വീട്ടുകാര്‍ക്ക് ‘ശ്വാസം’ നേരെ വീണു.

ഞായറാഴ്ച ഉച്ചയ്ക്ക് ശ്രീജ വീട്ടില്‍ വിശ്രമിക്കുമ്പോഴാണ്, ഛര്‍ദിച്ച്‌ അവശയായി ശ്വാസതടസ്സം നേരിട്ട കുഞ്ഞുമായി അയല്‍വാസിയായ യുവതി ഓടിയെത്തിയത്. കോവിഡ് കാലമായതിനാല്‍ ചുണ്ടോടു ചേര്‍ത്തു ശ്വാസം നല്‍കാനാവില്ല. ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ ശ്രീജ നിര്‍ദേശിച്ചതോടെ അമ്മ, കുഞ്ഞിനെ ഏല്‍പിച്ചു ഭര്‍ത്താവിനെ വിളിക്കാന്‍ വീട്ടിലേക്ക് ഓടി.

കുഞ്ഞിനു ചലനമില്ലാത്തതിനാല്‍ ആശുപത്രിയിലെത്തും മുന്‍പു കൃത്രിമ ശ്വാസം നല്‍കിയില്ലെങ്കില്‍ അപകടമാണെന്ന് മനസ്സിലാക്കിയ ശ്രീജ കോവിഡ് സാധ്യതയെല്ലാം മറന്നു ശ്വാസം നല്‍കി. ശ്രീജയുടെ ഭര്‍ത്താവ് പ്രമോദും അയല്‍വാസിയും ചേര്‍ന്ന് അമ്മയെയും കുഞ്ഞിനെയും തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും അവിടെനിന്നു മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചു.

അവിടെ നടത്തിയ പരിശോധനയില്‍ കുട്ടിക്ക് കോവിഡാണെന്നും സ്ഥിരീകരിച്ചു. രണ്ട് ദിവസത്തെ ചികില്‍സയ്ക്ക് ശേഷം കുട്ടി വീട്ടിലേക്ക് മടങ്ങി. കുഞ്ഞിനു കോവിഡ് സ്ഥിരീകരിച്ചതോടെ ശ്രീജ ഇപ്പോള്‍ ക്വാറന്റീനിലാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button