മുംബൈ : ടോക്കിയോ 2020 ഒളിമ്പിക്‌സിലും, പാരാലിമ്പിക്‌സിലും ഇന്ത്യയുടെ മൂന്ന് സ്വർണ്ണ മെഡൽ ജേതാക്കൾക്ക് പ്രത്യേകം രൂപകൽപ്പന ചെയ്ത വാഹനം സമ്മാനമായി നൽകുമെന്ന് മഹീന്ദ്ര. ആനന്ദ് മഹീന്ദ്രയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. മഹീന്ദ്ര എക്‌സ്‌യൂവി700 ജാവലിൻ എഡിഷൻ എന്നാണ് വാഹനത്തിന് പേര് നൽകിയിരിക്കുന്നത്. ഇന്ത്യയ്‌ക്കായി സ്വർണ്ണ മെഡലുകൾ കരസ്ഥമാക്കിയ നീരജ് ചോപ്ര, അവനി ലെഖാര, സുമിത് ആന്റിൽ എന്നിവർക്കായി മാത്രമായാണ് പ്രത്യേക പതിപ്പിന്റെ മൂന്ന് യൂണിറ്റുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ടോക്കിയോ 2020 ഒളിമ്പിക്‌സിൽ ഇന്ത്യയ്‌ക്കായി ജാവലിൻ ത്രോയിൽ സ്വർണ്ണ മെഡൽ നേടിയ നീരജ് ചോപ്രയ്‌ക്കാണ് എക്‌സ്‌യൂവി700 ജാവലിൻ പതിപ്പിന്റെ ആദ്യ യൂണിറ്റ് സമ്മാനിക്കുക. 2008 ബീജിംഗ് ഒളിമ്പിക്‌സിൽ അഭിനവ് ബിന്ദ്രയ്‌ക്ക് ശേഷം ഒളിമ്പിക്‌സിൽ സ്വർണം നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് നീരജ്.
ജാവലിൻ എഡിഷന്റെ രണ്ടാമത്തെ യൂണിറ്റ് നൽകി പാരാലിമ്പിക്‌സിൽ സ്വർണ്ണ മെഡൽ നേടുന്ന ആദ്യ വനിതയായി ചരിത്രം സൃഷ്ടിച്ച അവനി ലെഖാരയെ ആദരിക്കും. പത്തുമീറ്റർ എയർ റൈഫിളിലാണ് ലോക റെക്കോഡോടെ അവനി സ്വർണ്ണം നേടിയത്.
പാരാലിമ്പിക്‌സിൽ ജാവലിൻ ത്രോയിൽ സ്വർണം നേടിയ പാരാലിമ്പ്യൻ സുമിത് ആന്റിലിന് പതിപ്പിന്റെ മൂന്നാമത്തെ യൂണിറ്റ് നൽകും. വാഹനത്തിന്റെ മൂന്ന് യൂണിറ്റുകളിൽ രണ്ടെണ്ണം ഭിന്നശേഷിക്കാർക്കായി പ്രത്യേക പരിഷ്‌ക്കരണങ്ങളോടെയാണ് മഹീന്ദ്ര തയ്യാറാക്കുന്നത്.
Post Your Comments