
ന്യൂയോര്‍ക്ക്: ശരീരത്തില്‍ ആന്റിബോഡി ഉണ്ട് ഭയപ്പെടേണ്ട എന്ന് ആശ്വസിക്കാന്‍ വരട്ടെ, ചിലപ്പോള്‍ ഇവ വില്ലന്മാരായേക്കുമെന്ന് പുതിയ പഠന റിപ്പോര്‍ട്ട്. കോവിഡ് രോഗികളില്‍ അഞ്ചില്‍ ഒരാള്‍ ഗുരുതരാവസ്ഥയിലാകുകയോ മരണപ്പെടുകയോ ചെയ്യുന്നതിന് കാരണം ശരീരത്തിന്റെ രോഗപ്രതിരോധശേഷിക്കെതിരെ ആന്റിബോഡികള്‍ തിരിയുന്നതു കൊണ്ടാണന്നാണ് പഠനറിപ്പോര്‍ട്ട്. സയന്‍സ് ഇമ്യൂണോളജി എന്ന ജേര്‍ണലിലാണ് പുതിയ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചത്. ഇത്തരം ആന്റിബോഡികളെ ഓട്ടോ ആന്റിബോഡികള്‍ എന്നാണ് വിളിക്കുന്നത്. കോവിഡ് ഗുരുതരമായ രോഗികളില്‍ പത്തുശതമാനം പേരില്‍ ഓട്ടോ ആന്റിബോഡികളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.
ആരോഗ്യമുള്ള, കോവിഡ് ബാധിക്കാത്ത ഒരു വ്യക്തിയുടെ ശരീരത്തില്‍ ഇത് ചെറിയ തോതില്‍ കാണും. പ്രായം കൂടുതോറും ഇതിന്റെ സാന്നിധ്യം വര്‍ദ്ധിക്കും. ഇതാണ് പ്രായമേറിയവരുടെ ഇടയില്‍ കോവിഡ് ഗുരുതരമാകാന്‍ കാരണമാകുന്നത്. വൈറസ് വ്യാപനത്തെ പ്രതിരോധിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്ന പ്രോട്ടീന്‍ മോളിക്യൂളുകളെ ആക്രമിക്കുന്ന സ്ഥിതിവിശേഷത്തിനും കാരണമിതാണ്.
ന്യൂയോര്‍ക്കിലെ റോക്ക്ഫെല്ലര്‍ സര്‍വകലാശാലയിലെ ഗവേഷണവിഭാഗമാണ് 38 രാജ്യങ്ങളിലായി കോവിഡ് ഗുരുതരമായ 3595 രോഗികളില്‍ പഠനം നടത്തിയത്. പഠനവിധേയമാക്കിയവരില്‍ 13.6 ശതമാനം രോഗികളില്‍ ഓട്ടോ ആന്റിബോഡികള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 21 ശതമാനം പേര് 80 വയസിന് മുകളില്‍ പ്രായമുള്ളവരാണ്. 13.6 ശതമാനം രോഗികളില്‍ 18 ശതമാനം ആളുകള്‍ കോവിഡ് ബാധിച്ച് മരിച്ചതായും പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
Post Your Comments