ഗുവാഹാട്ടി: അസ്സമിലെ നാഷണല്‍ പാര്‍ക്കിന്റെ പേരില്‍ നിന്ന് രാജീവ് ഗാന്ധിയെ ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍. അസമിലെ രാജീവ് ഗാന്ധി ഒറംഗ് ദേശീയോദ്യാനത്തിന്റെ പേര് ഒംറഗ് ദേശീയോദ്യാനം എന്നാക്കി മാറ്റിയതായി അസം സര്‍ക്കാര്‍ അറിയിച്ചു. ബംഗാള്‍ കടുവകളുടെ പ്രധാന ആവാസകേന്ദ്രങ്ങളിലൊന്നെന്ന നിലയില്‍ ലോകപ്രശസ്തമാണ് ഈ നാഷണല്‍ പാര്‍ക്ക്.
പേര് മാറ്റണമെന്നാവശ്യപ്പെട്ട് നിരവധി സംഘടനകള്‍ ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് ഈ തീരുമാനം എന്നാണ് സര്‍ക്കാര്‍ വിശദീകരണം. സംസ്ഥാനത്തെ ആദിവാസി വിഭാഗങ്ങളുടേയും തേയില തൊഴിലാളികളുടേയും ആവശ്യം കൂടി പരിഗണിച്ചാണ് പേര് മാറ്റിയതെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ അറിയിച്ചു. ദറാങ്ങിലൂടെ ഒഴുകുന്ന ബ്രഹ്‌മപുത്രയുടെ തീരത്താണ് പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. 1985ലാണ് ഈ പ്രദേശത്തെ വന്യജീവി സങ്കേതമായി പ്രഖ്യാപിക്കുന്നത്. 1999ലാണ് ദേശീയോദ്യോനമെന്ന പദവിയിലേക്ക് ഉയര്‍ത്തിയത്.
Also Read: കൊല്ലം അഴീക്കലിൽ വള്ളം മറിഞ്ഞു: 4 മരണം, 12 പേര്‍ ആശുപത്രിയില്‍
രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ റോയല്‍ ടൈഗര്‍ എന്ന വിഭാഗത്തിലുള്‍പ്പെടുന്ന കടുവകളുള്ള പാര്‍ക്ക് കൂടിയാണ് രാജീവ് ഗാന്ധി നാഷണല്‍ പാര്‍ക്ക്. പാർക്കിന് 79.28 ചതുരശ്രമീറ്റർ വിസ്തൃതിയുണ്ട്. 1992ല്‍ വന്യജീവി സങ്കേതത്തിന് രാജീവ് ഗാന്ധിയുടെ പേര് നല്‍കിയിരുന്നെങ്കിലും 2001ല്‍ കോണ്‍ഗ്രസിന്റെ തരുണ്‍ ഗൊഗോയി സര്‍ക്കാര്‍ അധികാരത്തിലിരുന്ന സമയത്തായിരുന്നു രാജീവ് ഗാന്ധി നാഷണല്‍ പാര്‍ക്ക് എന്ന് പേര് നല്‍കിയത്. ഇന്ത്യയുടെ പരമോന്നത കായിക പുരസ്‌കാരമായ രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരത്തിന്റെ പേരില്‍ നിന്ന് രാജീവ് ഗാന്ധിയെ ഒഴിവാക്കിയത് നേരത്തെ വിവാദമായിരുന്നു. മേജര്‍ ധ്യാന്‍ ചന്ദ് ഖേല്‍ രത്ന പുരസ്‌കാരം എന്ന പേരിലാണ് പുരസ്‌കാരം ഇനി മുതല്‍ അറിയപ്പെടുക.
Post Your Comments