കൊല്ലം : പരവൂര്‍ തെക്കുംഭാഗം ബീച്ചില്‍ അമ്മയ്ക്കും മകനുമെതിരെ സദാചാര ഗുണ്ടാക്രമണം നടത്തിയത് സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ആശിഷ് സോണി. പ്രദേശത്ത് എത്തുന്നവര്‍ക്ക് നേരെ സദാചാര ആക്രമണം നടത്തുന്നത് ആശിഷിന്റെ സ്ഥിരംപരിപാടിയാണെന്നും ബീച്ചില്‍ എത്തുന്ന വിദ്യാര്‍ഥിനികളെ ഭീഷണിപ്പെടുത്തി പണവും സ്വര്‍ണം ഇയാൾ കൈവശപ്പെടുത്തുമെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
സജീവ കോണ്‍ഗ്രസ് നേതാവായ ഇയാള്‍ ബിന്ദു കൃഷ്ണ അടക്കമുള്ള നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.കഴിഞ്ഞ ദിവസം വൈകിട്ടാണ് ആശിഷ് അമ്മയെയും മകനെയും മര്‍ദിക്കുകയും കാര്‍ അടിച്ചു തകര്‍ക്കുകയും ചെയ്തത്. ഏഴുകോണ്‍ ചീരങ്കാവ് സ്വദേശികളായ ഷംല, മകന്‍ സാലു എന്നിവര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഷംലയുടെ ചികിത്സയുടെ ആവശ്യത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോയി തിരികെ വരുമ്പോള്‍ ഭക്ഷണം കഴിക്കാനായി തെക്കുംഭാഗം ബീച്ചിലെ റോഡരികില്‍ വാഹനം നിര്‍ത്തി.
ഈ സമയത്താണ് ഇയാള്‍ എത്തി ഇവര്‍ക്കു നേരെ അസഭ്യം പറയുകയും കമ്പി വടി ഉപയോഗിച്ച് കാറിന്റെ മുന്നിലെ ഗ്ലാസ് അടിച്ചു പൊട്ടിക്കുകയും ചെയ്തത്. തുടര്‍ന്ന് വാഹനത്തില്‍ നിന്ന് മകന്‍ സാലു പുറത്തിറങ്ങിയപ്പോള്‍ മകനെയും കമ്പിവടി കൊണ്ട് മര്‍ദിച്ചതായി ഷംല പറയുന്നു. അക്രമം തുടരവെ തടയാനെത്തിയ ഷംലയ്ക്കും മര്‍ദനമേറ്റു. അമ്മയാണെന്ന് തെളിയിക്കുന്ന രേഖ വേണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടതായും ഷംല പറഞ്ഞു.
അതേസമയം കൊല്ലം തെക്കുംഭാഗം ബീച്ചില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ സദാചാര ഗുണ്ടായിസത്തിന് ഇരയായ അമ്മയെയും മകനെയും കള്ളക്കേസില്‍ കുടുക്കാന്‍ പ്രതിയുടെ ശ്രമമുണ്ടായി. ഷംലയ്ക്കും മകനുമെതിരെ പ്രതി ആശിഷിന്റെ സഹോദരി നല്‍കിയ പരാതി വ്യാജമാണെന്ന് പൊലീസ് അറിയിച്ചു. ആടിനെ കാറിടിച്ച് കൊന്നെന്നായിരുന്നു ആശിഷിന്റെ സഹോദരി നല്‍കിയ പരാതി.
Post Your Comments