Latest NewsKerala

കോടിക്കണക്കിനു രൂപയുടെ മരം വെട്ട് : ലോകായുക്തയ്ക്ക് പരാതിനൽകി കുമ്മനം രാജശേഖരൻ

ഭൂവുടമകളായ ആദിവാസികൾ ഉൾപ്പെടെയുള്ള കർഷകർക്കെതിരെ കേസെടുത്ത് അന്വേഷണം അവസാനിപ്പിക്കാനാണ് പോലീസ് സംഘം ശ്രമിക്കുന്നത്.

തിരുവനന്തപുരം : നിലവിലുള്ള എല്ലാ നിയമങ്ങളും കോടതിവിധികളും ലംഘിച്ചും കോടിക്കണക്കിന് രൂപയുടെ മരം മുറിച്ചും വെട്ടിപ്പ് നടത്തുവാൻ കൂട്ടുനിന്ന രാഷ്ട്രീയ നേതാക്കളെയും ഉദ്യോഗസ്ഥരെയും പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടു ലോകായുക്ത മുമ്പാകെ ബിജെപി മുൻ സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരൻ പെറ്റീഷൻ ഫയൽ ചെയ്തു.
ലോകായുക്ത ആക്ടിന്റെ 14, 15 സെക്ഷൻ പ്രകാരം കർശന നടപടികൾക്കും അന്വേഷണത്തിനും ഉത്തരവിടണമെന്നും പെറ്റീഷനിൽ ആവശ്യപ്പെട്ടു.

2020 മാർച്ച് 11 നും ഒക്ടോബർ 24 നും റവന്യു പ്രിൻസിപ്പൽ സെക്രട്ടറി പുറത്തിറക്കിയ ഉത്തരവുകളാണ് കൂട്ടമരംകൊള്ളക്ക് ഇടയാക്കിയത്. ഇൗ ഉത്തരവിന്റെ വെളിച്ചത്തിൽ കോടികളുടെ മരം 100 ദിവസങ്ങൾ കൊണ്ട് വെട്ടി മുറിച്ചുമാറ്റാൻ മരം മാഫിയകൾക്ക് മനപ്പൂർവം അവസരം നൽകി. സംരക്ഷിത മരങ്ങളെല്ലാം വെട്ടി മാറ്റി എന്ന ഉറപ്പായ സാഹചര്യത്തിലാണ് 100 ദിവസങ്ങൾക്കുശേഷം 2021 ഫെബ്രുവരി എട്ടിന് ഉത്തരവുകൾ സർക്കാർ പിൻവലിച്ചത്.

എഡിജിപിയുടെ നേതൃത്വത്തിൽ ഇപ്പോൾ നടക്കുന്ന അന്വേഷണംകൊണ്ട് കുറ്റവാളികളെ പിടികൂടാനാവില്ല. ഭൂവുടമകളായ ആദിവാസികൾ ഉൾപ്പെടെയുള്ള കർഷകർക്കെതിരെ കേസെടുത്ത് അന്വേഷണം അവസാനിപ്പിക്കാനാണ് പോലീസ് സംഘം ശ്രമിക്കുന്നത്. മരംമുറിക്കാൻ ഉത്തരവിട്ട റവന്യു വനം മേധാവികളും അതിന് നിർദ്ദേശം കൊടുത്ത വകുപ്പ് മന്ത്രിമാരും ആണ് യഥാർത്ഥ കുറ്റവാളികൾ.

2019 ജൂൺ 27ന് റവന്യു മന്ത്രിയുടെ അധ്യക്ഷതയിൽ കൂടിയ സംയുക്ത യോഗത്തിൽ വനംവകുപ്പ് മന്ത്രി മരം മുറിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കി തീരുമാനം എടുത്ത ജൂലൈ 18 ലെ സംയുക്ത യോഗത്തിൽ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. 2020 ഫെബ്രുവരി 5ന് കൂടിയ യോഗമാണ് ഉത്തരവുകൾ ഇറക്കാനും ചന്ദനമരമൊഴികെ ഏതൊരു മരവും മുറിക്കാൻ അനുവാദം നൽകുവാനും തടയുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാനും തീരുമാനിച്ചത്.

ജോയിന്റ് സെക്രട്ടറി ഗിരിജാ കുമാരി റെവന്യൂ ഫയലിൽ തന്റെ എതിർപ്പ് രേഖപെടുത്തിയെങ്കിലും ഫലമുണ്ടായില്ല. വയനാട്, ഇടുക്കി പ്രദേശങ്ങളിലെ ചെക്ക്പോസ്റ്റുകളിൽ രജിസ്റ്ററുകൾ പരിശോധിക്കാനും മുറിച്ചുമാറ്റിയ മരങ്ങളുടെ കണക്കെടുക്കാനും ഉള്ള ചുമതല കെ. എഫ്. ആർ. ഐ പോലുള്ള ഏജൻസികളെ ഏൽപ്പിക്കണമെന്നും പരാതിയിൽ ആവശ്യപെട്ടിട്ടുണ്ട്. മരം മുറിക്കുന്നതിനെതിരെ രണ്ട് ഹൈക്കോടതി വിധികൾ നിലവിലുണ്ട്. മാത്രവുമല്ല ടി.എൻ ഗോദവർമ്മൻ തിരുമുൽപാട് കേസിന്റെ വിധിയിൽ മരങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത കോടതി പ്രത്യേകം ചൂണ്ടികാട്ടിയിട്ടുണ്ട്.

ഇതിനെയെല്ലാം മറികടന്നാണ് രണ്ട് മന്ത്രിമാരും റവന്യു വനം മേധാവികളും ചേർന്ന് കൂട്ടമരംവെട്ടിന് അനുമതി നൽകിയത്. മരം കൊള്ളക്കാർക്ക് വേണ്ടി കേരള സംസ്ഥാനത്തെ വിട്ടുകൊടുക്കുക വഴി പാരിസ്ഥിക വിനാശവും സർക്കാരിന് വൻ റവന്യു നഷ്ടവും ഉണ്ടായിട്ടുണ്ട്. കേരള ഫോറസ്റ്റ് ആക്ട് 1961, മരംമുറിക്കൽ നിയന്ത്രണനിയമം 1974, ഫോറസ്റ്റ് കൺസർവേഷൻ ആക്ട് 1980, കേരളം ഭൂവിനിയോഗ നിയമം 1960, കേരള വൃക്ഷ സംരക്ഷണ നിയമം 1986, വനേതര സ്ഥലങ്ങളിലെ വൃക്ഷ വളർച്ച സംരക്ഷണ നിയമം 2005 തുടങ്ങി മരങ്ങളുടെ സംരക്ഷണത്തിന് ശക്തമായ നിയമങ്ങൾ നിലനിൽക്കുമ്പോഴാണ് അവക്ക് വിരുദ്ധമായി വിവാദ ഉത്തരവുകൾ ഇറക്കിയത്.

ഇത് മനപ്പൂർവം ചില ശക്തികൾക്ക് കൊള്ളലാഭം ഉണ്ടാക്കാനും വൃക്ഷസമ്പത്ത് കൊള്ളയടിക്കാനും ആവാസവ്യവസ്ഥകൾ തകർക്കാനും അവസരമൊരുക്കുകയായിരുന്നു എന്ന് പെറ്റിഷനിൽ ചൂണ്ടിക്കാട്ടി.
ചീഫ് സെക്രട്ടറി, റവന്യൂ ഫോറസ്റ്റ് പ്രിൻസിപ്പൽസെക്രട്ടറിമാർ, മുൻ മന്ത്രിമാരായ ഇൗ ചന്ദ്രശേഖരൻ, കെ രാജു, പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ബെന്നിച്ചൻ തോമസ്, മുഖ്യ വനപാലകൻ പി.കെ. കേശവൻ, പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ജയ തിലകൻ മുൻ പ്രിൻസിപ്പൽ സെക്രട്ടറി വി.വേണു എന്നിവർക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button