ദോഹ: മുന്‍ അഫ്ഗാന് പാര്‍ലമെന്‍റംഗവും മനുഷ്യാവകാശ പ്രവര്‍ത്തകയും കടുത്ത താലിബാന്‍ വിമര്‍ശകയുമായ ഫൗസിയ കൂഫി ഖത്തറില്‍. അമേരിക്കന്‍ സൈന്യം കാബൂള്‍ വിടുന്നതിന് മുമ്പായി തിങ്കളാഴ്ച രാത്രിയോടെയാണ് ഇവര്‍ ഖത്തര്‍ അമിരി എയര്‍ഫോഴ്സ് വിമാനത്തില്‍ അഫ്ഗാന് വിട്ട് ഖത്തറില്‍ അഭയം തേടിയത്. അഫ്ഗാന് സുരക്ഷിതമല്ലെന്നും, എന്നാല്‍ ഒരുനാള്‍ ജന്മനാട്ടിലേക്ക് തിരികെ മടങ്ങാമെന്ന പ്രതീക്ഷയിലാണ് രാജ്യം വിടുന്നതെന്നും ദോഹയിലെത്തിയ ശേഷം അവര്‍ പറഞ്ഞു.
ഏറ്റവും മികച്ച ഏകോപനത്തോടെ അഫ്ഗാനില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ച ഖത്തറിനെ അഭിനന്ദിച്ച ഫൗസിയ കൂഫി, വനിതകള്‍ പ്രധാനപദവികള്‍ അലങ്കരിക്കുന്ന രാജ്യം ഏറെ സുരക്ഷിതമാണെന്നും ട്വീറ്റ് ചെയ്തു. അഫ്ഗാനിലെ വനിതാ അവകാശങ്ങള്‍ക്കും, മനുഷ്യവകാശങ്ങള്‍ക്കും വേണ്ടി ധീരമായി പൊരുതിയ ഫൗസിയ കൂഫി എന്നും താലിബാന്റെ കടുത്ത വിമര്‍ശകയായിരുന്നു.
നാഷനല്‍ അസംബ്ലി ഡെപ്യൂട്ടി സ്പീക്കര്‍ പദവി അലങ്കരിച്ച ഇവര്‍ ഈ സ്ഥാനത്തെത്തിയ ആദ്യ വനിതയുമായിരുന്നു. താലിബാന്‍ കാബൂള്‍ പിടിച്ചടക്കിയ ശേഷം വീട്ടുതടങ്കലിലായിരുന്നുവെങ്കിലും രാജ്യത്ത് സമാധാനം പുനസ്ഥാപിക്കാനുള്ള ചര്‍ച്ചകളില്‍ പങ്കാളിയായി. പത്തു ദിവസം മുമ്പും രാജ്യം വിടാന്‍ പദ്ധതിയില്ലെന്ന് വ്യക്തമാക്കിയെങ്കിലും അവസാന നിമിഷം ഖത്തറിലെത്തുകയായിരുന്നു. രണ്ടു പെണ്‍മക്കള്‍ നേരത്തെ തന്നെ ഖത്തറിലെത്തിയിരുന്നു.
ഫൗസിയ കൂഫിയും മക്കളും തമ്മിലെ പുന:സമാഗമത്തിന് വഴിയൊരുക്കിയതില്‍ സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് വിദേശകാര്യ സഹമന്ത്രി ലൂല്‍വ റാഷിദ് അല്‍ കാതിര്‍ ട്വീറ്റ് ചെയ്തു.
അഫ്ഗാനില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ഖത്തര്‍ വിദേശ കാര്യ സഹമന്ത്രി ലുല്‍വ റാഷിദ് അല്‍ കാതിറിനെ ഇവര്‍ അഭിനന്ദിച്ചു.
Post Your Comments