കൊച്ചി: സീല്‍ ചെയ്ത ഓഫീസ് ക്യാബിനില്‍ നഗരസഭ അധ്യക്ഷ അജിത തങ്കപ്പന്‍ കയറിയതിനെ തുടര്‍ന്ന് തൃക്കാക്കര നഗരസഭ ഓഫീസിന് മുന്നില്‍ സംഘര്‍ഷാവസ്ഥ. ചെയര്‍പേഴ്‌സനെ പൊലീസ് സംഘര്‍ഷ സ്ഥലത്തു നിന്ന് മാറ്റി. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയ നടപടിക്കെതിരെ പൊലീസ് സ്റ്റേഷന് മുന്നില്‍ സിപിഎം നടത്തിയ പ്രതിഷേധവും തര്‍ക്കത്തില്‍ കലാശിച്ചു. യുഡിഎഫ് കണ്‍സിലര്‍മാര്‍ സ്ത്രീകളെ ഉള്‍പ്പെടെ അക്രമിച്ചെന്ന് പ്രതിപക്ഷം ആരോപിച്ചു. രണ്ട് മണിയോടെയായിരുന്നു പ്രതിഷേധം ആരംഭിച്ചത്. രണ്ടര മണിക്കൂര്‍ പിന്നിട്ടപ്പോള്‍ പൊലീസ് എത്തി പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് നീക്കി.
സീല്‍ ചെയ്ത ഓഫീസ് ക്യാബിനില്‍ നഗരസഭ അധ്യക്ഷ അജിത തങ്കപ്പന്‍ കയറിതിന് പിന്നാലെയാണ് പ്രതിഷേധമുണ്ടായത്. വിജിലന്‍സ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് പൂട്ടി മുദ്രവെച്ച ക്യാബിന്‍ സ്വന്തം താക്കോല്‍ ഉപയോഗിച്ച് തുറന്ന് കയറിയ അജിത ഫയലുകള്‍ പരിശോധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ക്യാബിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. ഓഫീസില്‍ അതിക്രമിച്ചു കയറിയതിനെതിരെ പൊലീസ് നടപടി എടുക്കണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം.
ഓണ പണക്കിഴി വിവാദത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പ്രതിഷേധം ശക്തമായത്. ഓണക്കോടിയോടൊപ്പം കൗണ്‍സിലര്‍മാര്‍ക്ക് പണം നല്‍കിയ ചെയര്‍പേഴ്‌സന്റെ നടപടി വലിയ വിവാദമായിരുന്നു. ഓണപ്പുടവയോടൊപ്പം കൗണ്‍സിലര്‍മാര്‍ക്ക് കവറില്‍ 10,000 രൂപയാണ് ചെയര്‍പേഴ്‌സന്‍ അജിത തങ്കപ്പന്‍ സമ്മാനിച്ചത്. ചിലര്‍ കവര്‍ ചെയര്‍പേഴ്‌സന് തന്നെ തിരിച്ച് നല്‍കി വിജിലന്‍സില്‍ പരാതി നല്‍കി. ഇതോടെയാണ് സംഭവം പുറത്തായത്. പണക്കിഴി വിവാദത്തിലെ നിര്‍ണ്ണായക തെളിവുകളുള്ള മുറിയിലേക്ക് ആരെയും പ്രവേശിപ്പിക്കരുതെന്നായിരുന്നു നിര്‍ദ്ദേശം.
Post Your Comments