ന്യൂഡല്‍ഹി: യുവാവിനെ കൊലപ്പെടുത്തി മൃതദേഹം ട്രോളി ബാഗിലാക്കി കനാലില്‍ തള്ളിയ കേസില്‍ വഴിത്തിരിവായത് മൃതദേഹത്തില്‍ കണ്ടെത്തിയ ടാറ്റൂ. സംഭവത്തില്‍ ഭാര്യയും ഭാര്യാമാതാവും ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റിലായി. ദക്ഷിണപുരി സ്വദേശി നവീന്‍ ചന്ദി (24 )നെ കൊലപ്പെടുത്തിയ കേസിലാണ് ഭാര്യ മസ്‌കന്‍, മാതാവ് മീനു, മസ്‌കന്റെ സുഹൃത്ത് ജമാലുദ്ദീന്‍, ഇയാളുടെ കൂട്ടാളികളായ വിവേക്, കോഷ്ലേന്ദര്‍, രാജ്പാല്‍, വിശാല്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഓഗസ്റ്റ് 10-ാം തീയതിയാണ് സുഖ്ദേവ് വിഹാറിലെ കനാലില്‍ നിന്ന് നവീന്റെ മൃതദേഹം കണ്ടെത്തുന്നത്. മൃതദേഹം അഴുകിയ നിലയിലായതിനാല്‍ തിരിച്ചറിയാനും കഴിഞ്ഞില്ല. ഇതിനിടെയാണ് യുവാവിന്റെ കൈയില്‍ നവീന്‍ എന്ന പേര് ടാറ്റൂ ചെയ്തത് കണ്ടെത്തിയത്. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കേസില്‍ നിര്‍ണായക വഴിത്തിരിവായത്.
Read Also :ധനേഷും അഭിരാമിയും ജീവനൊടുക്കിയതിനു പിന്നിലെ കാരണം അജ്ഞാതം
പോലീസ് നടത്തിയ അന്വേഷണത്തില്‍ ഓഗസ്റ്റ് 12-ന് നവീന്‍ ചന്ദ് എന്നയാളെ കാണാനില്ലെന്ന് പറഞ്ഞ് ഭാര്യ പരാതി നല്‍കിയിട്ടുണ്ടെന്ന് വ്യക്തമായി. എന്നാല്‍ ഈ പരാതിയില്‍ ടാറ്റൂവിനെക്കുറിച്ച് സൂചിപ്പിച്ചിരുന്നില്ല. തുടര്‍ന്ന് പരാതി നല്‍കിയ മസ്‌കന്‍ എന്ന യുവതിയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇവരുടെ വിലാസം കണ്ടെത്തി പോലീസ് എത്തിയപ്പോള്‍ വീട് പൂട്ടിയിട്ട നിലയിലായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് യുവതി ഖാന്‍പുര്‍ ഗ്രാമത്തില്‍ മാതാവിനൊപ്പം താമസിക്കുന്നതായുള്ള വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്. ഇതോടെ പോലീസ് സംഘം യുവതിയെ ഇവിടെയെത്തി ചോദ്യം ചെയ്യുകയായിരുന്നു.
എന്നാല്‍ പോലീസിനെ വഴി തിരിച്ചു വിടാനുള്ള ശ്രമമായിരുന്നു യുവതി നടത്തിയത്. സംശയം തോന്നിയ പോലീസ് യുവതിയുടെ മൊബൈല്‍ പരിശോധിച്ച് നവീനിന്റെ സഹോദരന്റെ നമ്പര്‍ കണ്ടെടുത്തു. ഇദ്ദേഹത്തെ വിളിച്ചതോടെയാണ് നവീന്‍ സ്വന്തം പേര് ടാറ്റൂ ചെയ്തിരുന്നതായി സ്ഥിരീകരിച്ചത്. ഇതോടെ യുവതിയെ പോലീസ് വീണ്ടും ചോദ്യം ചെയ്യുകയായിരുന്നു.
മസ്‌കന്റെ ഫോണ്‍കോള്‍ വിവരങ്ങളില്‍ നിന്നാണ് ജമാലുദ്ദീന്‍ എന്നയാളിലേക്ക് അന്വേഷണം എത്തുന്നത്. ഇരുവരും നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്ന് ഈ തെളിവുകള്‍ നിരത്തി പോലീസ് വീണ്ടും മസ്‌കനെ ചോദ്യം ചെയ്തു. ഒടുവില്‍ പിടിച്ചു നില്‍ക്കാനാകാതെ വന്നതോടെ യുവതി കുറ്റസമ്മതം നടത്തുകയായിരുന്നു. ജമാലുദ്ദീനെ വീട്ടില്‍ കണ്ടതിനെച്ചൊല്ലി നവീന്‍ വഴക്കുണ്ടാക്കിയിരുന്നു.തുടര്‍ന്ന് ഓഗസ്റ്റ് എട്ടിനാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്ന് മസ്‌കന്‍ പോലീസിനോട് സമ്മതിച്ചു.
Post Your Comments