മലപ്പുറം: ദുരൂഹതകൾ നിറഞ്ഞ തെന്നല പോക്സോ കേസില്‍ കൂടുതല്‍ പ്രതികളെ കണ്ടെത്താന്‍ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്നാരോപിച്ച് അറസ്റ്റ് ചെയ്ത പ്രതിയുടെ ഡി.എന്‍.എ പരിശോധനാഫലം നെഗറ്റീവായതോടെയാണ് മറ്റ് പ്രതികളെ കണ്ടെത്താന്‍ പൊലീസ് ശ്രമം ആരംഭിച്ചത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രം ശ്രീനാഥിനെ അറസ്റ്റ് ചെയ്ത പോലീസ് വെട്ടിലായി.
ഡി.എന്‍.എ പരിശോധന ഫലം നെഗറ്റീവായെന്ന് കരുതി ശ്രീനാഥ് കേസില്‍ നിന്ന് ഒഴിവാകുന്നില്ലെന്ന നിലപാടിലാണ് പൊലീസ്. ഗര്‍ഭിണിയായതിന് ശ്രീനാഥ് ഉത്തരവാദിയല്ലെന്നുമാത്രമേ ഇപ്പോള്‍ തെളിഞ്ഞിട്ടുള്ളൂവെന്നും പീഡിപ്പിച്ചെന്ന പെണ്‍കുട്ടിയുടെ മൊഴി പ്രകാരം ശ്രീനാഥ് ഇപ്പോഴും പ്രതി തന്നെയാണെന്നാണ് പോലീസ് പറയുന്നത്. ശ്രീനാഥിനെ അറസ്റ്റു ചെയ്തതില്‍ തെറ്റുപറ്റിയിട്ടില്ലെന്നും പൊലീസിനു മാത്രമല്ല മജിസ്ട്രേറ്റിനു നല്കിയ രഹസ്യ മൊഴിയിലും തന്നെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത് ശ്രീനാഥ് ആണെന്നാണ് പോലീസ് നൽകുന്ന വിശദീകരണം.
തുടക്കം മുതല്‍ ശ്രീനാഥ് കുറ്റം നിഷേധിച്ചിരുന്നെങ്കിലും പെൺകുട്ടിയുടെ മൊഴിപ്രകാരമാണ് പൊലീസ് അന്വേഷണവും തെളിവെടുപ്പും മുന്നോട്ടുകൊണ്ടുപോയത്. പെൺകുട്ടിയുടെ ഗര്‍ഭസ്ഥ ശിശുവിന്റെ ഡി.എൻ.എ പരിശോധനാ ഫലം നെഗറ്റീവായതോടെ പെൺകുട്ടിയുടെ ഗർഭത്തിന് ഉത്തരവാദി ശ്രീനാഥ് അല്ലെന്ന് തെളിയുകയായിരുന്നു.
Post Your Comments