കൊച്ചി: കാക്കനാട് രാസ ലഹരിമരുന്നു കേസിൽ എക്സൈസ് ജില്ലാ സ്ക്വാഡ് റെയ്ഡ് ദിവസം രാത്രി വിട്ടയച്ച യുവതി തയ്യിബ ഔലാദിനെ കൂട്ടിക്കൊണ്ടു പോയ അജ്ഞാതൻ എക്സൈസ് ഉദ്യോഗസ്ഥർക്കു സ്വയം പരിചയപ്പെടുത്തിയതു അതിർത്തിയിൽ ജോലി ചെയ്യുന്ന സൈനികൻ എന്ന്. കശ്മീർ അതിർത്തിയിൽ സേവനത്തിനിടെ കൈത്തണ്ടയ്ക്കു പരുക്കേറ്റ് അവധിയിലാണെന്നും അജ്ഞാതൻ പറഞ്ഞു. ഈ വ്യക്തിക്ക് ലഹരി റാക്കറ്റിന്റെ കണ്ണിയായ തയ്യിബയുമായുള്ള ബന്ധം കണ്ടെത്താൻ എക്സൈസ് ഇന്റലിജൻസ് അന്വേഷണം തുടങ്ങി. സംഭവ ദിവസം ഇയാളോടു സംസാരിച്ച എക്സൈസ് ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും.
ഉദ്യോഗസ്ഥരുടെ സമ്മതത്തോടെ യുവതി തന്നെയാണ് ഈ വ്യക്തിയെ വിളിച്ചത്. രാത്രി തന്നെ എറണാകുളം കച്ചേരിപ്പടിയിലെ എക്സൈസ് മേഖലാ ആസ്ഥാനത്ത് എത്തിയ ആൾ പുറത്തു വാഹനത്തിൽ കാത്തിരുന്നു. യുവതിയെ പ്രതിപ്പട്ടികയിൽ നിന്നു നീക്കാനുള്ള തീരുമാനിച്ച ശേഷമാണ് ഇയാൾ ഓഫിസിലെത്തി യുവതിയെ കൂട്ടിക്കൊണ്ടുപോയത്.
Read Also: കീറിപ്പോയ നോട്ട് കൈയ്യിലുണ്ടോ? വിഷമിക്കേണ്ട, നിങ്ങളുടെ പണം സുരക്ഷിതമാണ് – അറിയേണ്ടതെല്ലാം
ലഹരി മരുന്നു കേസിൽ തയ്യിബ പെട്ട വിവരം അറിഞ്ഞ ശേഷം നടത്തിയ ചരടുവലികളിലാണു കേസ് അട്ടിമറിക്കപ്പെട്ടതെന്ന സംശയം ബലപ്പെടുത്തുന്ന തെളിവുകളാണ് അന്വേഷണത്തിൽ പുറത്തു വരുന്നത്. പട്ടാള ഉദ്യോഗസ്ഥനെന്ന അവകാശവാദം അന്വേഷണ സംഘം വിശ്വസിച്ചിട്ടില്ല. യുവതിയുടെ അടുത്ത ബന്ധുവെന്നാണ് ഇയാൾ സ്വയം പരിചയപ്പെടുത്തിയത്. അറസ്റ്റിലായ പ്രതികൾക്കൊപ്പം യുവതി കാക്കനാട്ടെ ഫ്ലാറ്റിൽ തങ്ങിയ വിവരം ഇയാൾക്കു അറിയാമെന്ന മട്ടിലായിരുന്നു പ്രതികരണം. അടുത്ത ബന്ധു പിടിക്കപ്പെട്ട വിവരം അറിയുമ്പോൾ സ്വാഭാവികമായുണ്ടാവേണ്ട ആശങ്ക ഇയാൾ പ്രകടിപ്പിച്ചില്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
Post Your Comments