KeralaLatest News

മരം മുറി കേസിൽ മൊഴികൊടുത്ത യുവാവിനെ കൊന്ന് ചാക്കിൽ കെട്ടി ഉപേക്ഷിച്ച സംഭവം: മുഖ്യപ്രതി അബ്ദുല്‍ ഷുക്കൂര്‍ അറസ്റ്റില്‍

കണ്ണൂര്‍ ഡി.വൈ.എസ്‌പി പി.പി സദാനന്ദന്റെ നേതൃത്വത്തില്‍ ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

കണ്ണൂര്‍: നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടില്‍ നിന്നും നാലു ലക്ഷം രൂപ വിലവരുന്ന തേക്കുമര ഉരുപ്പിടികള്‍ കവര്‍ച്ച ചെയ്ത കേസില്‍ സാക്ഷിമൊഴി നല്‍കിയ യുവാവിനെ തലയ്ക്കടിച്ചു കൊന്ന് കനാലില്‍ തള്ളിയ കേസിലെ മുഖ്യ പ്രതി ചക്കരക്കല്‍ മിടാവിലോട് കൊല്ലറോത്ത് ഹൗസില്‍ അബ്ദുല്‍ ഷുക്കൂറിനെ (43) ചക്കരക്കല്‍ പൊലിസ് പിടികൂടി. കണ്ണൂര്‍ ഡി.വൈ.എസ്‌പി പി.പി സദാനന്ദന്റെ നേതൃത്വത്തില്‍ ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

ചക്കരക്കല്ലില്‍ കുട്ടി കുന്നുമ്മേല്‍ പ്രശാന്തിയില്‍ പ്രജീഷിന്റെ (33) കൊലപാതക കേസിലെ മുഖ്യപ്രതിയായ അബ്ദുല്‍ ഷുക്കൂര്‍ കൊല നടന്നതിനു ശേഷം ഒളിവിലായിരുന്നു. കൊല്ലപ്പെട്ട യുവാവിന്റെ തലയില്‍ പത്തോളം മുറിവുകളുണ്ടെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. ഈ കേസില്‍ നാല് ദിവസം മുന്‍പ് ചക്കരക്കല്‍ പൊലീസ് അറസ്റ്റു ചെയ്ത മുഴപ്പാല പള്ളിച്ചാല്‍ ഹൗസിലെ ചങ്ങംപൊയില്‍ പ്രശാന്തിനെ (40) തലശേരി സിജെഎം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

അറസ്റ്റിലായ പ്രശാന്ത് ഷുക്കൂറിന്റെ നിര്‍ദ്ദേശപ്രകാരം മദ്യപിക്കാനായി പ്രജീഷിനെ വിളിച്ചു വരുത്തുകയും കുടിപ്പിച്ച്‌ അവശനാക്കിയതിനു ശേഷം ഷുക്കൂര്‍ മരം മോഷണ കേസില്‍ തങ്ങളെ ഒറ്റിയത് പ്രജീഷാണെന്ന് മനസിലാക്കിയതിനു ശേഷം ഇരുവരും ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ചു കൊന്നതിനു ശേഷം ചാക്കില്‍ കെട്ടി ഗുഡ്‌സ് ഓട്ടോറിക്ഷയില്‍ കൊണ്ടുപോയി കനാലില്‍ തള്ളുകയായിരുന്നു.

കേസിലെ മുഖ്യപ്രതിയായ മിടാവിലോട്ട് കൊല്ലറോത്ത് ഹൗസില്‍ അബ്ദുള്‍ ഷുക്കൂര്‍(43), കൊലപാതകത്തിനു ശേഷം ഒളിവിലായിരുന്നു. ഇയാള്‍ മംഗ്‌ളൂരില്‍ ഒളിവില്‍ കഴിഞ്ഞുവെന്നാണ് പൊലിസിന് ലഭിച്ച വിവരം രഹസ്യവിവരത്തെ തുടര്‍ന്ന് വെള്ളിയാഴ്‌ച്ച രാത്രിയാണ് ഇയാള്‍ പിടിയിലായതെന്നാണ് സൂചന.

shortlink

Post Your Comments


Back to top button