മാവേലിക്കര: അച്ഛനെ കൊലപ്പെടുത്തി കുളത്തിൽ തള്ളിയ കേസിൽ മകളും കാമുകനും സുഹൃത്തും കുറ്റക്കാരെന്ന് കോടതി. ചുനക്കര ലീലാലയം വീട്ടില്‍ ശശിധരപ്പണിക്ക(54)രെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി കൃഷ്‌ണപുരം ഞക്കനാല്‍ മണപ്പുറത്ത് വീട്ടില്‍ റിയാസ്(37), രണ്ടാം പ്രതി ഇയാളുടെ സുഹൃത്ത് നൂറനാട് പഴഞ്ഞിയൂര്‍ക്കോണം രതീഷ് ഭവനത്തില്‍ രതീഷ്(38), മൂന്നാം പ്രതിയും ഒന്നാം പ്രതിയുടെ കാമുകിയും കൊല്ലപ്പെട്ട ശശിധരപ്പണിക്കരുടെ മകളുമായ ശ്രീജാമോള്‍(36) എന്നിവരാണ് കുറ്റക്കാരാണെന്ന് കോടതി നിരീക്ഷിച്ചത്. കേസ് തെളിഞ്ഞതോടെ ഇവർക്കുള്ള ശിക്ഷ 31 നു പ്രഖ്യാപിക്കുമെന്ന് അഡീ.ജില്ലാ ജഡ്‌ജ് സി.എസ്.മോഹിത്ത് അറിയിച്ചു.
2013 ഫെബ്രുവരി 23 നാണ് കേസിനാസ്‌പദമായ സംഭവം. റിയാസും ശ്രീജാമോളും ദീര്‍ഘകാലമായി പ്രണയത്തില്‍ ആയിരുന്നു. ഇതിനിടയിൽ റിയാസ് ഗൾഫിലേക്ക് പോയി. ഈ സമയം, ശ്രീജാമോള്‍ ഒപ്പം ജോലി ചെയ്‌തിരുന്ന തിരുവനന്തപുരം സ്വദേശി ശ്രീജിത്തിനെ വിവാഹം കഴിച്ചു. വിവാഹം കഴിഞ്ഞെങ്കിലും റിയാസുമായുള്ള ബന്ധം ശ്രീജാമോൾ ഉപേക്ഷിച്ചില്ല. ഭാര്യയ്ക്ക് മറ്റൊരു ബന്ധമുണ്ടെന്ന് മനസിലാക്കിയ ശ്രീജിത്ത് ശ്രീജയില്‍ നിന്നും വിവാഹമോചനം നേടി. ഈ ബന്ധത്തിൽ ഇവർക്കൊരു മകളുണ്ട്. വിവാഹബന്ധം അവസാനിച്ചതോടെ യുവതി മകളുമൊത്ത് ശശിധരപ്പണിക്കര്‍ക്കൊപ്പം ആയിരുന്നു താമസം.
റിയാസുമായി ശ്രീജയ്ക്ക് ബന്ധമുണ്ടെന്ന് അച്ഛൻ ശശിധരപ്പണിക്കർ അറിഞ്ഞതോടെ കുടുംബത്തിൽ പ്രശ്നമുണ്ടായി. അച്‌ഛനെ വകവരുത്താതെ തങ്ങള്‍ക്ക് ഒന്നിച്ചു ജീവിക്കാന്‍ കഴിയില്ലെന്ന് ബോധ്യം വന്ന ശ്രീജാമോള്‍, ശശിധരപ്പണിക്കരെ കൊലപ്പെടുത്താന്‍ വിദേശത്തുള്ള റിയാസുമായി ഗൂഢാലോചന നടത്തി. ശശിധരപ്പണിക്കരെ കൊലപ്പെടുത്താനായി റിയാസ് ഗൾഫിൽ നിന്നും നാട്ടിലെത്തി. സഹായത്തിനായി സുഹൃത്തായ രതീഷിനെയും റിയാസ് കൂട്ടി. 2013 ഫെബ്രുവരി 23 ന് ശശിധരപ്പണിക്കര്‍ക്ക് മദ്യത്തില്‍ വിഷം നല്‍കി കൊലപ്പെടുത്താന്‍ ആയിരുന്നു ഇവർ പദ്ധതി ഇട്ടിരുന്നത്.
ഫെബ്രുവരി 23 ന് രാത്രി എട്ടിന് റിയാസും രതീഷും ശശിധരപ്പണിക്കരെ പടനിലത്ത് കരിങ്ങാലി പുഞ്ചയുടെ ഓരത്ത് വിജനമായ സ്‌ഥലത്തെത്തിച്ച് മദ്യത്തില്‍ വിഷം കലര്‍ത്തി നല്‍കി. പക്ഷെ അദ്ദേഹം മരിച്ചില്ല. ഇതോടെ, തലയ്ക്കടിച്ചും കുത്തിയും മധ്യവയസ്കനായ ശശിധരപ്പണിക്കരെ കൊലപ്പെടുത്തി. മൃതദേഹം സമീപത്തെ കുളത്തില്‍ തള്ളി. ഫെബ്രുവരി 26 ന് കുളത്തിൽ നിന്നും മൃതദേഹം കണ്ടത് സമീപവാസികൾ ആയിരുന്നു. നൂറനാട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ശ്രീജാമോൾ അടക്കം അച്ഛന്റെ മരണത്തിൽ സംശയമില്ലെന്ന് മൊഴി നൽകി. എന്നാൽ, പോസ്‌റ്റുമോര്‍ട്ടം റിപ്പോർട്ടിൽ കൊലപാതക സാധ്യത ഉണ്ടെന്ന് വ്യക്തമായതോടെയാണ് അന്വേഷണം ശക്തമായതും റിയാസും ശ്രീജാമോളും കൂട്ടാളിയും പിടിയിലായതും.
Post Your Comments