തിരുവനന്തപുരം: സ്ത്രീകളും കുട്ടികളും ഇരകളായി വരുന്ന പരാതികൾ സമയബന്ധിതമായി പരിഹരിക്കണമെന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം. സംസ്ഥാന പോലീസ് മേധാവി അനിൽ കാന്താണ് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്. പത്തനംതിട്ടയിൽ സ്ത്രീകളുടെ പരാതികൾ നേരിട്ടുകേട്ട് പരിഹാരം നിർദ്ദേശിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പത്തനംതിട്ട ജില്ലയിൽ പിങ്ക് പട്രോൾ, പിങ്ക് ബൈക്ക് പട്രോൾ എന്നിവയുടെ പ്രവർത്തനം ശക്തിപ്പെടുത്താൻ അദ്ദേഹം നിർദ്ദേശിച്ചു. പത്തനംതിട്ട ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ അദ്ദേഹം സ്ത്രീകളുടെ പരാതികൾ നേരിട്ട് കേട്ടു. 15 സ്ത്രീകളാണ് പരാതികൾ നൽകാൻ എത്തിയത്. ഈ പരാതികൾ കൂടുതൽ അന്വേഷണത്തിനായി ബന്ധപ്പെട്ട ഡിവൈ.എസ്.പിമാർക്ക് കൈമാറി. തുടർന്ന് അദ്ദേഹം പോലീസ് ഉദ്യോഗസ്ഥരുടെ പരാതികൾ സ്വീകരിച്ചു. ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, ക്രമസമാധാനനില, വിവിധ കേസുകളുടെ വിവരങ്ങൾ, ശബരിമലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അദ്ദേഹം വിലയിരുത്തി. തുടർന്ന് അദ്ദേഹം ജില്ലാ സായുധ സേനാ ക്യാമ്പ് സന്ദർശിച്ചു.
ദക്ഷിണ മേഖലാ ഐ.ജി ഹർഷിത അട്ടലൂരി, തിരുവനന്തപുരം റെയ്ഞ്ച് ഡി.ഐ.ജി സഞ്ജയ് കുമാർ ഗുരുദിൻ, പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആർ.നിശാന്തിനി എന്നിവർ പങ്കെടുത്തു.
Read Also: ജനങ്ങളുടെ രോഗ പ്രതിരോധ ശേഷി നിരക്ക് കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാറിന്റെ സെറോ സര്‍വേ
Post Your Comments