Latest NewsInternational

കാബൂളിലെ ഇരട്ട സ്ഫോടനങ്ങൾക്കു പിന്നിൽ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരരെന്ന് താലിബാന്‍ ഭീകരർ

വിമാനത്താവളത്തിന് പുറത്തുനടന്ന സ്ഫോടനങ്ങളെ താലിബാൻ ‘ഭീകര പ്രവർത്തനം’ എന്ന് വിശേഷിപ്പിച്ചു.

കാബൂൾ: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലെ ഹമീദ് കർസായി വിമാനത്താവളത്തിന് പുറത്ത് നടന്ന ഇരട്ട ചാവേർ സ്ഫോടനങ്ങൾക്കു പിന്നിൽ ഭീകര സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിന് (ഐഎസ്) പങ്കുണ്ടെന്ന് സംശയിക്കുന്നതായി താലിബാന്‍. ഐഎസിന്റെ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് യുഎസ് മുന്നറിയിപ്പ് നൽകിയിരുന്നതായി താലിബാന്റെ പ്രസ്താവനയിൽ പറയുന്നു. വിമാനത്താവളത്തിന് പുറത്തുനടന്ന സ്ഫോടനങ്ങളെ താലിബാൻ ‘ഭീകര പ്രവർത്തനം’ എന്ന് വിശേഷിപ്പിച്ചു.

ഭീകരാക്രമണത്തെക്കുറിച്ച് ഐഎസ്, യുഎസിന് വിവരങ്ങൾ നൽകിയിരുന്നെന്ന് താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് പറഞ്ഞു. ‘രാജ്യാന്തര സമൂഹത്തോട് താലിബാൻ പ്രതിജ്ഞാബദ്ധരാണ്. ഭീകരർക്ക് അവരുടെ പ്രവർത്തനങ്ങളുടെ കേന്ദ്രമായി അഫ്ഗാനിസ്ഥാനെ ഉപയോഗിക്കാൻ അനുവദിക്കില്ല’– സബീഹുല്ല പറഞ്ഞു.വ്യാഴാഴ്ച വൈകിട്ട് നടന്ന സ്ഫോടനങ്ങളിൽ 13 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

യുഎസ് സൈന്യത്തിലെ അംഗങ്ങൾക്കും പരുക്കേറ്റതായാണു റിപ്പോർട്ട്. സ്ഫോടനങ്ങളെ തുടർന്ന്, അമേരിക്കൻ പൗരന്മാരോട് വിമാനത്താവളത്തിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ കാബൂളിലെ യുഎസ് എംബസി മുന്നറിയിപ്പ് നൽകി. അടിയന്തരമായി പ്രദേശം വിട്ടുപോകാൻ ഫ്രഞ്ച് സർക്കാരും പൗരന്മാർക്കു നിർദേശം നൽകി.

താലിബാന്റെ ക്രൂരമായ ഭരണത്തിൽനിന്നു രക്ഷപ്പെടാനായി ആയിരക്കണക്കിന് അഫ്ഗാനികൾ വിമാനത്താവളത്തിനു ചുറ്റും തിങ്ങിനിറഞ്ഞിരുന്നപ്പോഴാണ് സ്ഫോടനമുണ്ടായത്. വിമാനത്താവളത്തിന്റെ പ്രവേശന കവാടത്തിന് സമീപവും ഒരു ഹോട്ടലിന് തൊട്ടുമുന്നിലുമായിരുന്നു സ്‌ഫോടനം. യുഎസും യുകെയും ഉൾപ്പെടെ നിരവധി രാജ്യങ്ങൾ ഭീകരാക്രമണ മുന്നറിയിപ്പ് നൽകിയതിനു പിന്നാലെയാണ് സ്ഫോടനങ്ങളുണ്ടായത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button