മുംബൈ: കാർഷിക ഉത്പന്നങ്ങൾക്ക് വിലയിടിഞ്ഞതിനെ തുടർന്ന് കൃഷിയിടത്തില്‍ കഞ്ചാവ് വളര്‍ത്താന്‍ അനുമതി തേടി അപേക്ഷയുമായി കര്‍ഷകന്‍. മഹാരാഷ്ട്രയിലെ സോളാപൂരില്‍ നിന്നുള്ള അനില്‍ പാട്ടീല്‍ എന്ന കര്‍ഷകനാണ് കഞ്ചാവ് ചെടി നടുന്നതിന് അനുമതിക്കായി ജില്ലാ ഭരണ കൂടത്തിന് അപേക്ഷ നൽകിയത്. കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് തുച്ഛമായ വരുമാനം മാത്രമാണ് കിട്ടുന്നതെന്നും ഒരു വിളയ്ക്കും കൃഷിയിറക്കുന്നതിനുള്ള ചെലവ് പോലും തിരിച്ചുകിട്ടുന്നില്ലെന്നും അനിൽ പാട്ടീൽ അപേക്ഷയിൽ പറയുന്നു. അതിനാൽ കൃഷി ബുദ്ധിമുട്ടായി മാറുകയാണെന്നും അദ്ദേഹം വ്യക്തമാക്കി
കഞ്ചാവിന് മാര്‍ക്കറ്റില്‍ നല്ല വില കിട്ടുന്നുണ്ടെന്നും അതുകൊണ്ട് തന്‍റെ രണ്ട് ഏക്കര്‍ ഭൂമിയില്‍ സെപ്റ്റംബര്‍ പതിനഞ്ചോടെ കഞ്ചാവ് കൃഷി ചെയ്യാന്‍ അനുവദിക്കണമെന്നും ജില്ലാ ഭരണകൂടത്തോട് കർഷകൻ ആവശ്യപ്പെട്ടു. അധികൃതരിൽ നിന്നും മറുപടിയൊന്നും ലഭിച്ചില്ലെങ്കില്‍ മൗനം സമ്മതമെന്ന് കരുതി സെപ്റ്റംബര്‍ പതിനാറിന് തന്നെ കൃഷി തുടങ്ങുമെന്നും അനിൽ അപേക്ഷയിൽ വ്യക്തമാക്കി. കഞ്ചാവ് കൃഷി ചെയ്യുന്നതിന്റെ പേരിൽ പിന്നീട് തനിക്കെതിരെ എന്തെങ്കിലും കുറ്റം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍, ജില്ലാ ഭരണകൂടമായിരിക്കും അതിന് ഉത്തരവാദിയെന്നും ഇയാള്‍ പറഞ്ഞു.
അതേസമയം കർഷകന്റെത് പബ്ലിസിറ്റിക്ക് വേണ്ടിയുള്ള അപേക്ഷ ആണെന്ന് ചൂണ്ടിക്കാട്ടി സോളാപൂര്‍ ജില്ലാ ഭരണകൂടം കര്‍ഷകന്റെ അപേക്ഷ പൊലീസിന് കൈമാറി. എന്നാല്‍ രാജ്യത്ത് കഞ്ചാവ് നട്ടുവളര്‍ത്തുന്നത് നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് ആക്‌ട് പ്രകാരം നിരോധിതമാണെന്നും കഞ്ചാവ് നട്ടുവളര്‍ത്താനാണ് കർഷകന്റെ തീരുമാനമെങ്കിൽ കേസെടുക്കുമെന്നും പോലീസ് പറയുന്നു.
Post Your Comments