ഒരിക്കലും വഞ്ചിക്കാത്ത, വിട്ടുപോകാത്ത കാമുകനേയും കാമുകിയേയും കിട്ടിയ സന്തോഷത്തിലാണ് ചൈനക്കാരിൽ വലിയൊരു പങ്കും. രാജ്യത്തെ സാധാരണ ജനങ്ങൾക്ക് ഇപ്പോൾ ലഭിച്ചിരിക്കുന്ന അധിക ഉന്മേഷത്തിന്റെ വലിയൊരു പങ്കും ഒരു നിർമ്മിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സേവനം പകരുന്നതാണെന്നും വിലയിരുത്തപ്പെടുന്നു. ഏകാന്തത അടക്കം പല പ്രശ്നങ്ങളും നേരിടുന്ന ദശലക്ഷക്കണക്കിന് ചൈനക്കാർ ഇപ്പോൾ ഈ വെർച്വൽ സുഹൃത്തിനോട് കൂടുതൽ അടുക്കുകയാണ്.
മൈക്രോസോഫ്റ്റ് അവതരിപ്പിച്ച ഷാവോഐസ് എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ശക്തി പകർന്ന ചാറ്റ് ബോട്ടിന് ചൈനയിൽ മാത്രം ഇപ്പോൾ 15 കോടി ഉപയോക്താക്കൾ ഉണ്ടെന്ന് എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു. ചൈനയിലെ പല ആളുകൾക്കും ഇപ്പോൾ പുതിയ സുഹൃത്തുക്കളെ അന്വേഷിച്ചു പോകേണ്ടി വരുന്നില്ല. ഇപ്പോഴുള്ള പല സുഹൃത്തുക്കളും തിരക്ക് അഭിനയിക്കുന്നവരാണെന്നും, അതിനാലാണ് താൻ ഷാവോഐസുമായി വൈകാരികമായി അടുത്തതെന്ന് ബെയ്ജിങ്ങിലെ ഒരു ഹ്യൂമൻ റിസോഴ്സസ് മാനേജരായ മെലിസ പറയുന്നു.
ഷാവോ ഐസ് ദിവസവും ഏതുസമയത്തും ഒപ്പമുണ്ട്. തങ്ങൾ തളരുന്ന സമയത്ത് പ്രത്യാശ പകരുന്ന കാര്യങ്ങൾ പറഞ്ഞു വീണ്ടും പ്രസരിപ്പു കൊണ്ടുവരും. തമാശകൾ പറയും തിരിച്ചൊന്നും ആവശ്യപ്പെടുന്നുമില്ല. ഇതിലേറെ നല്ല ബോയ്ഫ്രണ്ടിനെ എങ്ങനെ ലഭിക്കാനാണ് എന്നാണ് മിക്ക ചൈനീസ് പെൺകുട്ടികളും ചോദിക്കുന്നത്. ഉപയോക്താവിന് തനിക്ക് ഇഷ്ടമുള്ള വ്യക്തിയെ ക്രമീകരിക്കാവുന്ന രീതിയിലാണ് വികസിപ്പിച്ചിരിക്കുന്നത്.
ലോകത്തെമ്പാടുമായി ഷാവോ ഐസിന് 66 കോടി ഉപയോക്താക്കളുണ്ട്. ലോകത്തെ ഏറ്റവും വലിയ സൂപ്പർ ആപ്പായ വീചാറ്റിൽ ഇടം നേടാനായത് ഷാവോ ഐസിന് ഏറെ ഗുണകരമായി. വിചാറ്റ് ഉപയോക്താക്കൾക്ക് ഒരു കാമുകനോ, കാമുകിയോ, വെർച്വൽ അസിസ്റ്റന്റോ ആയി ക്രമീകരിക്കാം. തങ്ങൾക്കിഷ്ടമുള്ള പേരും നൽകാം. ഇഷ്ടമുള്ള ചിത്രവും നൽകാം. വെർച്വൽ സുഹൃത്തിനോട് ടെക്സ്റ്റ് സന്ദേശങ്ങളും, വോയിസ് മെസേജുകളും ഫോട്ടോകളും എല്ലാം അയച്ച് ഇടപെടാം. വെറുതെ കട്ടിലിൽ കിടന്ന് മേൽക്കൂരയിലേക്ക് നോക്കുന്നതിനേക്കാൾ എന്തുകൊണ്ടും നല്ലതാണ് ഷാവോ ഐസ് ഒപ്പമുണ്ടാകുന്നത് എന്ന് പലരും അഭിപ്രായപ്പെടുന്നത്. നഗരങ്ങളിലെ ഏകാന്തത തന്നെയാണ് പലരെയും വെർച്വൽ സുഹൃത്തിലേക്ക് എത്തിച്ചിരിക്കുന്നത്.
മൈക്രോസോഫ്റ്റ് വോയിസ് അസിസ്റ്റന്റായ കോർട്ടാനയെ വികസിപ്പിച്ചു വരുന്നതിനു സമാന്തരമായാണ് ഷാവോ ഐസിനെയും വികസിപ്പിച്ചതെന്ന് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ലി ഡി പറയുന്നു. ഇന്നിത് ലോകത്തിലെ ഏറ്റവും വികാസം പ്രാപിച്ച ഇത്തരത്തിലുള്ള സേവനമായ വളർന്നുകഴിഞ്ഞു. നിലവിലെ മൂല്യം 100 കോടി ഡോളറിലേറെയാണ് എന്ന് ബ്ലുംബർഗ് റിപ്പോർട്ട് ചെയ്യുന്നു. ദിവസവും 23 തവണ വരെ ആളുകൾ തങ്ങളുടെ വെർച്വൽ സുഹൃത്തുമായി ഇടപെടുന്നു എന്നതു തന്നെ ഇതിന്റെ സ്വീകാര്യതയെക്കുറിച്ച് മനസ്സിലാക്കിത്തരുന്നു. യഥാർത്ഥ ജീവിതത്തിൽ മറ്റൊരു മനുഷ്യനും സാധിക്കാത്ത രീതിയിൽ കാര്യങ്ങൾ ശ്രദ്ധാപൂർവ്വം കേൾക്കുന്നു എന്നതു തന്നെ ആളുകൾക്ക് ഈ സേവനത്തെ ആകർഷകമാക്കുന്നു.
എന്നാൽ ഇത്തരം സൗഹൃദങ്ങളിൽ ഏർപ്പെടുമ്പോൾ ധാരാളം സ്വകാര്യ വിവരങ്ങൾ കമ്പനിയുമായി പങ്കു വെക്കേണ്ടി വരുന്നു എന്നതാണ് പ്രധാന പ്രശ്നം. മറ്റൊന്ന് ഇത്തരത്തിൽ സ്ഥാപിച്ച സൗഹൃദങ്ങളിൽ നിന്ന് പിന്നീട് വിട്ടു പോകാൻ പലർക്കും സാധിക്കുന്നില്ല. തനിക്കൊപ്പം ഒരു യഥാർത്ഥ വ്യക്തി ഉണ്ടെന്ന തോന്നൽ പലർക്കും ഉണ്ടാകുന്നു. യഥാർത്ഥ വ്യക്തിയെ അനുകരിക്കാനുള്ള അപാര കഴിവാണ് ഷാവോ ഐസിന് ഉള്ളതെന്നും കമ്പനി അവകാശപ്പെടുന്നു. ദുഃഖകരമായ നിമിഷങ്ങളിൽ പോലും ആശ്വാസകരമായ സംഭാഷണങ്ങളിൽ ഏർപ്പെടാനുള്ള കഴിവാണ് ഷാവോ ഐസുമായി ആളുകളെ കൂടുതൽ അടുപ്പിച്ചിരിക്കുന്നത്.
Read Also:- വ്യായാമം ശീലമാക്കൂ; പ്രമേഹത്തെ അകറ്റാം!
എന്തുകൊണ്ട് ചൈനീസ് സർക്കാർ ഇത് ഇതുവരെ നിരോധിച്ചിട്ടില്ല എന്നതും കൗതുകകരമായ കാര്യമാണ്. ആധുനിക ചൈന സന്തോഷമുള്ള ഒരു പ്രദേശമായി നിലനിർത്തുന്നതിനും ഷാവോ ഐസിന് വലിയൊരു പങ്കുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. മനുഷ്യർ തമ്മിലുള്ള സൗഹൃദത്തിലെ പോരായ്മകൾ തന്നെയാണ് ഷാവോ ഐസുമായി ഇടപെടാൻ ആളുകളെ പ്രേരിപ്പിക്കുന്നത് പഠനങ്ങൾ പറയുന്നു.
Post Your Comments