ദുഷന്‍ബെ: അഫ്ഗാനിസ്താനില്‍ അധികാരം പിടിച്ചെടുത്ത താലിബാനെ അവിടുത്തെ സര്‍ക്കാരായി അംഗീകരിക്കില്ലെന്ന് താജികിസ്താന്‍. അക്രമണത്തിലൂടെയും അടിച്ചമര്‍ത്തലിലൂടെയും അധികാരം പിടിച്ചെടുത്തവരെ താജികിസ്താന്‍ അംഗീകരിക്കുന്നില്ലെന്ന് പ്രസിഡന്റ് ഇമാമലി റഹ്മാന്‍ വ്യക്തമാക്കി. താലിബാന്‍ അധികാരം പിടിച്ച സാഹചര്യത്തില്‍ രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്) ക്കു പിന്നാലെ ലോകബാങ്കും അഫ്ഗാനുള്ള ധനസഹായം നിര്‍ത്തിവച്ചു.
ഇതിനിടെ, അഫ്ഗാനിസ്ഥാനിലേക്കുള്ള അംബാസഡര്‍ താലിബാനുമായി ചര്‍ച്ച നടത്തിയെന്നു ചൈനയുടെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.ചൈന മാത്രമാണ് പരസ്യമായി അഫ്ഗാനെ പിന്തുണയ്ക്കുന്നത്. റഷ്യയും പാക്കിസ്ഥാനും താലിബാനെ കൂടെ കൂട്ടുമെന്നാണ് റിപ്പോര്‍ട്ട്. അതിശക്തമായ നിലപാടാണ് താജികിസ്താന്‍ എടുത്തത്. അക്രമണത്തിലൂടെയും അടിച്ചമര്‍ത്തലിലൂടെയും അധികാരം പിടിച്ചെടുത്തവരെ താജികിസ്താന്‍ അംഗീകരിക്കുന്നില്ലെന്ന് പ്രസിഡന്റ് ഇമാമലി റഹ്മാന്‍ വ്യക്തമാക്കി.
അഫ്ഗാനിസ്താനുമായി 1300 കിലോമീറ്ററോളം അതിര്‍ത്തി പങ്കിടുന്ന രാജ്യമാണ് താജികിസ്താന്‍.പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് താജികിസ്താന്‍ പ്രസ്താവനയിലൂടെ നിലപാട് അറിയിച്ചത്. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ താജികിസ്താന്‍ സന്ദര്‍ശിക്കാനിരിക്കെയാണ് നിലപാട് വ്യക്തമാക്കിയതെന്നതും ശ്രദ്ധേയമാണ്. താലിബാന് പിന്തുണ തേടിയാണ് ഇമ്രാന്റെ സന്ദര്‍ശനമെന്ന സൂചനകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് രാജ്യത്തിന്റെ നിലപാട് പ്രഖ്യാപിക്കല്‍.
മുന്‍പ് നല്‍കിയ വാഗ്ദാനങ്ങള്‍ ലംഘിച്ച് ഇടക്കാല ഗവണ്‍മെന്റ് രൂപീകരിക്കാനും ഇസ്ലാമിക് എമിറേറ്റായി അഫ്ഗാനെ മാറ്റാനുമാണ് താലിബാന്‍ ശ്രമമെന്നും താജികിസ്താന്‍ പറയുന്നു. അഫ്ഗാനിസ്താന്‍ എങ്ങനെയായിരിക്കണമെന്ന് ഹിതപരിശോധനയിലൂടെ വേണം നിര്‍ണയിക്കാനെന്നും രാജ്യത്ത് സ്ഥിരത കൈവരിക്കുന്നതിന് എപ്പോഴും താജികിസ്താന്‍ പിന്തുണയ്ക്കുന്നു.
നിയമവാഴ്ചയ്ക്കെതിരായി അഫ്ഗാനില്‍ നടക്കുന്ന കാര്യങ്ങളെ അപലപിക്കുന്നു.ന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിഭാഗം അഫ്ഗാനികളെയും കണക്കിലെടുക്കാതെ രൂപീകരിക്കുന്ന ഒരു സര്‍ക്കാരിനേയും താജികിസ്താന്‍ അംഗീകരിക്കില്ലെന്നും പ്രസ്താവനയില്‍ പറയുന്നു. അഫ്ഗാനിസ്താനില്‍ സമാധാനം പുനസ്ഥാപിക്കുന്നതിന് വേണ്ടി ലോക രാജ്യങ്ങളുടെ ഭാഗത്ത് നിന്ന് ഇടപെടലുണ്ടാകണമെന്നും ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് സമാധാനപരമായ ജനജീവിതം ഉറപ്പുവരുത്തണമെന്നും താജികിസ്താന്‍ പ്രസിഡന്റ് ആവശ്യപ്പെപ്പെട്ടു.
അതിനിടെ താലിബാന്റെ തിരിച്ചുവരവിനുശേഷം അഫ്ഗാനില്‍ ഒരു കോടി കുട്ടികള്‍ പരിതാപകരമായ അവസ്ഥയിലാണെന്ന് യുഎന്‍ ഏജന്‍സിയായ യുനിസെഫ് അറിയിച്ചു. 10 ലക്ഷത്തോളം കുട്ടികള്‍ പോഷകാഹാരമില്ലാതെ രോഗികളായേക്കാം. അഫ്ഗാനില്‍ 1.4 കോടി പേര്‍ പട്ടിണിയിലാകുമെന്ന് ഐക്യരാഷ്ട്രസംഘടനയുടെതന്നെ വേള്‍ഡ് ഫുഡ് പ്രോഗ്രാം മേധാവി ഡേവിഡ് ബീസ്ലി പറഞ്ഞു. ചൈനയും പാക്കിസ്ഥാനും റഷ്യയും മാത്രമാണ് കാബൂളില്‍ എംബസി പ്രവര്‍ത്തനങ്ങള്‍ തുടരുന്നത്.
Post Your Comments