കോഴിക്കോട്: തീവ്രവാദികളും മാവോവാദികളുമുള്പ്പെടെ ഉള്ളവര്‍ അതിഥിതൊഴിലാളികളുടെ വേഷത്തില്‍ കേരളത്തിൽ സുരക്ഷിതരായി താമസിച്ചിരുന്നു എന്ന വാർത്ത നേരത്തെ തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാലിപ്പോൾ കൂടുതൽ ആശങ്ക ഉയരുന്നത് അഫ്ഗാനിസ്ഥാനിൽ താലിബാന്റെ അധിനിവേശ വാർത്തകളിലാണ്. താലിബാനില്‍ ചേരുന്നതിനായി തീവ്ര നിലപാടുകളുള്ള ബംഗ്ലാദേശികള്‍ ഇന്ത്യയിലൂടെ അഫ്ഗാനിസ്ഥാനിലേക്ക് കടക്കാന്‍ ശ്രമിക്കുന്നെന്ന മുന്നറിയിപ്പിന് പിന്നാലെ കേരളവും ഇപ്പോൾ ആശങ്കയിലാണെന്നാണ് റിപ്പോർട്ടുകൾ.
ഇപ്പോഴും ഇത്തരത്തിലുള്ളവര്‍ കേരളത്തില്‍ തുടരാനുള്ള സാധ്യതയേറെയാണെന്നാണ് വിവിധ ഏജന്‍സികള്‍ കരുതുന്നത്. ഏതാനും മാസം മുമ്പ് ശ്രീലങ്കന്‍ പൗരനെ നെടുമ്പാശേരിയില്‍ നിന്ന് തമിഴ്നാട് ക്യുബ്രാഞ്ച് പിടികൂടിയതും ഇത്തരം സാധ്യതകള്‍ ബലപ്പെടുത്തുന്നതാണ്. ഇന്ത്യയിലൂടെ ബംഗ്ലാദേശികള്‍ അഫ്ഗാനിസ്ഥാനിലേക്ക് കടക്കാന്‍ ശ്രമിക്കുന്നെന്ന് സംസ്ഥാന ഇന്റലിജന്‍സിന് ഔദ്യോഗിക മുന്നറിയിപ്പ് ലഭിച്ചിട്ടില്ല. എന്നാൽ അതിർത്തിയിൽ ബംഗ്ലാദേശ് സൈന്യവും ഇന്ത്യൻ സൈന്യവും അതീവ ജാഗ്രതയിലാണ്.
അതേസമയം സംസ്ഥാനത്ത് താമസിക്കുന്ന ബംഗ്ലാദേശികളെ കുറിച്ച് വ്യക്തമായ കണക്കുകളില്ലാത്തത് അലട്ടുന്നുണ്ട്. ഇവരെ തിരിച്ചറിയാനും സാധിക്കുന്നില്ലെന്ന് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും പോലീസും സമ്മതിക്കുന്നുണ്ട്. വ്യാജ രേഖകള്‍ സഹിതം ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ക്കൊപ്പം നിരവധി ബംഗ്ലാദേശികള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ജോലി ചെയ്യുന്നുണ്ട് .
ലോക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് സംസ്ഥാനത്തെ നിര്‍മാണ മേഖലകളിലും മറ്റുമാണ് ഇവരുടെ താവളം. പലപ്പോഴും കേന്ദ്ര ഏജൻസികൾ വന്ന് ഭീകര ബന്ധത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യുമ്പോഴാണ് കേരളത്തിൽ പോലും വിവരങ്ങൾ അറിയുന്നത്.
Post Your Comments