Latest NewsKeralaIndia

‘ഞങ്ങളുടെ ഭഗത് സിംഗ് ജിഹാദിയല്ല’ സ്പീക്കർ എംബി രാജേഷിനെതിരെ ട്വിറ്ററിലും പ്രതിഷേധം, ട്രെൻഡിംഗ്

'ഇന്ന് അഫ്ഗാനിസ്ഥാനിൽ താലിബാൻ നടത്തുന്നതിനു സമാനമായ അതിക്രമങ്ങളാണ് 1921ൽ മാപ്പിള ലഹളക്കാർ നടത്തിയത്'

കൊച്ചി: മലബാർ കലാപവുമായി ബന്ധപ്പെട്ട് ചരിത്രത്തെ വളച്ചൊടിക്കാൻ സ്പീക്കർ എംബി രാജേഷ് ശ്രമിച്ചെന്നാരോപിച്ച് സാമൂഹ്യമാദ്ധ്യമങ്ങളിൽ ശക്തമായ പ്രതിഷേധം. വാരിയം കുന്നത്ത് കുഞ്ഞഹമ്മദിനെ ധീരബലിദാ‍നി ഭഗത് സിംഗിനോട് താരതമ്യം ചെയ്തതിനെതിരെ ‘ഞങ്ങളുടെ ഭഗത് സിംഗ് ജിഹാദിയല്ല’ എന്ന വാചകത്തോടെയാണ് സാമൂഹിക മാദ്ധ്യമങ്ങളിലെ പ്രതിഷേധം. വിഷയം ദേശീയതലത്തിൽ ചർച്ചയായതോടെ നിരവധിയാളുകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഇതിനൊപ്പം #MalabarIslamicState എന്ന ഹാഷ് ടാഗും ട്രെന്റ് ചെയ്യുന്നുണ്ട്. അത് കൂടാതെ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ എം ബി രാജേഷിന്റെ പ്രസ്താവനക്കെതിരേ യുവമോർച്ചയുടേയും, ബിജെപിയുടേയും നേതൃത്വത്തിൽ പ്രതിഷേധം നടന്നു. മലബാർ മാപ്പിള കലാപ ചരിത്രത്തെ വളച്ചൊടിക്കാൻ ശ്രമിച്ച സ്പീക്കർ എംബി രാജേഷിന്റെ പ്രസ്താവനക്കെതിരെ പാലക്കാട്‌ ജില്ലാ യുവമോർച്ച കോട്ടമൈതാനം അഞ്ചു വിളക്കിന് സമീപം എംബി രാജേഷിന്റെ കോലം കത്തിച്ചു പ്രതിഷേധിച്ചു.

ഭഗത് സിംഗിനെപ്പോലെ ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിലെ നക്ഷത്രമായ സ്വദേശാഭിമാനിയെ, സ്വന്തം സഹോദര ജനതയെ മതം വേറൊന്നായിപ്പോയി എന്ന ഒറ്റക്കാരണത്താൽ കൊന്നുതള്ളിയ മലബാർ ഇസ്ലാമിക് സ്റ്റേറ്റിലെ വാരിയംകുന്നത്ത് മുഹമ്മദ് ഹാജിയോട് ഉപമിച്ച എം.ബി രാജേഷ് പ്രസ്താവന പിൻവലിച്ചു പൊതു സമൂഹത്തോട് മാപ്പ് പറയണമെന്ന് യുവമോർച്ച പാലക്കാട് ജില്ലാ ഘടകം ആവശ്യപ്പെട്ടു. ഭഗത് സിംഗിനെ അപമാനിച്ച നിയമസഭാ സ്പീക്കർ എം.ബി രാജേഷിനെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ ആവശ്യപ്പെട്ടു.

മലബാറിലെ ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്ത വാരിയംകുന്നനുമായി ഭഗത് സിംഗിനെ താരതമ്യം ചെയ്തതിലൂടെ രാജേഷ് സ്വാതന്ത്ര്യസമരത്തെ തന്നെയാണ് അവഹേളിച്ചിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.മതമൗലികവാദികളെ പ്രീതിപ്പെടുത്താൻ കലാപകാരിയെ സ്വാതന്ത്ര്യസമര നായകനാക്കാനുള്ള സ്പീക്കറുടെ പ്രസ്താവന സിപിഎം അംഗീകരിക്കുന്നുണ്ടോയെന്ന് വിജയരാഘവൻ വ്യക്തമാക്കണമെന്നും സി കൃഷ്ണകുമാർ ആവശ്യപ്പെട്ടു.

ഇന്ന് അഫ്ഗാനിസ്ഥാനിൽ താലിബാൻ നടത്തുന്നതിനു സമാനമായ അതിക്രമങ്ങളാണ് 1921ൽ മാപ്പിള ലഹളക്കാർ നടത്തിയത്. അവർ അൽ ദൗള എന്ന പേരിൽ അന്ന് സ്ഥാപിച്ച ഇസ്ലാമിക് സ്റ്റേറ്റ് അംഗീകരിക്കാൻ സിപിഎം തയ്യാറുണ്ടോയെന്നും കൃഷ്ണകുമാർ ചോദിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button