
പത്തനംതിട്ട: പെരുനാട് മാമ്പാറയില്‍ കുറുവ സംഘമെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ വീടിന്റെ ജനറല്‍ പൂര്‍ണമായും ഇളക്കി മാറ്റി മോഷണം നടത്തിയ കേസില്‍ അയല്‍ക്കാരന്‍ പിടിയില്‍. മാമ്പാറ വാണിയത്തു മണ്ണില്‍ ഭാഗത്ത് ചന്ദ്രമംഗലത്ത് ബിജു ആര്‍. പിള്ള (46)യാണ് പോലീസിന്റെ പിടിയിലായത്. സിസിടിവി കാമറ എത്താത്ത ഭാഗം നോക്കി ജനല്‍ പൊളിച്ച് മോഷണം നടത്തിയ ശേഷം വിവരം പൊലീസിനെയും വീട്ടുകാരെയും വിളിച്ച് അറിയിച്ചതും മോഷ്ടാവ് തന്നെയായിരുന്നു.
വീട്ടുടമയുടെ ബന്ധുവായ ഇയാൾ കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പഞ്ചായത്തു കക്കാട് വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്നു. പരമേശ്വരന്‍ പിള്ളയുടെ വീട്ടില്‍ കഴിഞ്ഞ 11 ന് രാത്രി പത്തരയോടെയാണ് മോഷണം നടന്നത്. പേസ് മേക്കര്‍ മാറ്റി ഘടിപ്പിക്കുന്നതിനായി പരമേശ്വരന്‍പിള്ള പത്തനംതിട്ട ആശുപത്രിയില്‍ ചികിത്സയിലായിരിക്കുമ്പോഴായിരുന്നു മോഷണം. ഭാര്യയും പിള്ളയ്ക്കൊപ്പം ആശുപത്രിയിലായിരുന്നതിനാല്‍ വീട്ടില്‍ മാറ്റാരും ഉണ്ടായിരുന്നില്ല.
ഇത് മനസിലാക്കിയ പ്രതി സിസിടിവി നോട്ടം എത്താത്ത ജനല്‍ ഇളക്കി മാറ്റി വീടിനുള്ളില്‍ കടന്ന് കിടപ്പു മുറിയിലെ തടി അലമാരയില്‍ സൂക്ഷിച്ചിരുന്ന 35,000 രൂപയും മുപ്പതു പവനോളം ആഭരണങ്ങളും മോഷ്ടിക്കുകയായിരുന്നു. മോഷണം നടത്തി അര മണിക്കൂറിനു ശേഷം വീടിനു കുറച്ചകലെയുള്ള രണ്ടു പേരേയും ആശുപത്രിയില്‍ കഴിയുന്ന പരമേശ്വരന്‍ പിള്ളയെയും വിവരം അറിയിച്ചത് പ്രതി തന്നെ ആയിരുന്നു. അയല്‍പക്കത്തെ വീട്ടില്‍ മോഷണം നടന്നുവെന്നും ശബ്ദം കേട്ട് താന്‍ എത്തിയപ്പോഴേക്കും മോഷ്ടാവ് രക്ഷപെട്ടെന്നുമായിരുന്നു ഇയാള്‍ നാട്ടുകാരോടു പറഞ്ഞത്.
എന്നാൽ സിസിടിവി കാമറയുടെ കണ്ണില്‍പ്പെടാതെയുള്ള മോഷണത്തിനു പിന്നില്‍ വീടിനെക്കുറിച്ച് വ്യക്തമായ ധാരണ ഉള്ളയാള്‍ ആയിരിക്കുമെന്ന നിഗമനത്തിലായിരുന്നു പൊലീസ്. അന്വേഷണത്തിന് വിരലടയാള വിദഗ്ധരും പൊലീസ് നായയും എത്തിയെങ്കിലും ഫലമുണ്ടായില്ല. കൈയുറ പോലെയുള്ള വസ്തു ധരിച്ചു മോഷണം നടത്തിയതിനാല്‍ പ്രതിയുടെ വിരലടയാളവും ലഭിച്ചില്ല. മോഷണം നടന്ന വീടിന്റെ ഭാഗം കേന്ദ്രീകരിച്ചു നടത്തിയ സമഗ്രമായ അന്വേഷണമാണ് പ്രതിയെ വലയില്‍ കുടുക്കിയത്.
അറസ്റ്റിലായ ബിജുവിന്റെ വീട്ടില്‍ നിന്നും സ്വര്‍ണാഭരണങ്ങളില്‍ ചിലത് കണ്ടെത്തിയിട്ടുണ്ട്. ആരോഗ്യ വകുപ്പില്‍ ജീവനക്കാരനായിരുന്ന പിതാവിന്റെ മരണ ശേഷം പത്തനംതിട്ട ഡിഎംഓഫീസില്‍ കുറച്ചുകാലം ഡ്രൈവറായിരുന്നു ബിജു. പിന്നീട് മരുന്നു വിതരണവുമായി ബന്ധപ്പെട്ടുണ്ടായ തിരിമറി കാരണം ഇയാള്‍ക്ക് ജോലി നഷ്ടമായി. കഴിഞ്ഞ ഗ്രാമപഞ്ചായത്തു തെരഞ്ഞടുപ്പില്‍ കക്കാടു വാര്‍ഡില്‍ യുഡിഎഫില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച ബിജു മൂന്നാം സ്ഥാനത്താണ് എത്തിയത്.
അയല്‍ സംസ്ഥാനത്തു നിന്നെത്തിയ കുറുവ സംഘമാണ് മോഷണത്തിനു പിന്നിലെന്നു വരുത്തി തീര്‍ക്കാനുള്ള ശ്രമം നടന്നെങ്കിലും അതൊന്നും കാര്യമാക്കാതെ ആയിരുന്നു പൊലീസ് അന്വേഷണം. വീടിന്റെ ഭാഗത്ത് മോഷണത്തിനു മുമ്പുള്ള ഏതാനും ദിവസങ്ങളില്‍ വന്നു പോയ വാഹനങ്ങള്‍, വ്യക്തികള്‍ എന്നിവയെപ്പറ്റി ഈ മേഖലയിലെ സിസിടിവി കാമറാ ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് അന്വേഷണം കാര്യക്ഷമമാക്കുകയായിരുന്നു.
Post Your Comments