തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾക്കും ആശങ്കകൾക്കുമിടയിൽ മലയാളക്കര ഇന്ന് ഓണത്തെ വരവേൽക്കുകയാണ്. ഈ ഓണക്കാലം ജാഗ്രതയോടെ കൊണ്ടാടുമ്പോഴും നല്ല നാളെയുടെ പ്രതീക്ഷ കൂടി പങ്കുവെക്കുകയാണ് ഓരോരുത്തരും. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മാസ്കും സാമൂഹിക അകലവും പാലിച്ചു വേണം ഓണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശം.
കരുതല്‍ കൈവിടാതെ നല്ല നാളെയുടെ പ്രതീക്ഷ കൂടിയാകട്ടെ ഈ ഓണം. നിറത്തിന്റെയും രുചികളുടെയും ഉത്സവമാണ് ഓണം. പാകം ചെയുന്ന വിഭവങ്ങള്‍ മുതല്‍ വിളമ്ബുന്ന വാഴയിലയില്‍ വരെ നിരവധി ചിട്ടകളും ഐതീഹ്യങ്ങളും നിറഞ്ഞു നില്ക്കുന്ന വിഭവ സമൃദ്ധമായ സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും ഉത്സവം. ഓണാഘോഷത്തിന്റെ ഭാഗമായി പലേടങ്ങളിലും വ്യത്യസ്ഥമായ ആചാരാനുഷ്ഠാനങ്ങളും ആഘോഷരീതികളും ഭക്ഷണക്രമങ്ങളുമാണ് കണ്ടുവരുന്നത്.
ഓണക്കോടിപോലെത്തന്നെ കേമമാണ് ഓണസദ്യയും ഓണപ്പായസവും. കൈകൊട്ടിക്കളി, ഊഞ്ഞാലാട്ടം, തിരുവാതിരക്കളി, പുലിക്കളി, വള്ളംകളി, പന്തുകളി, ഓണത്തല്ല്, തുമ്പികളി അങ്ങിനെ നീളുന്നു പലേടങ്ങളിലും ഓണവുമായി ബന്ധപ്പെട്ട പലവിധ ആചാരങ്ങളും വിനോദങ്ങളും. കോവിഡ് ആശങ്കകൾക്കിടയിലും ലോകമെമ്പാടുമുള്ള മലയാളികൾ ഓണം ആഘോഷിക്കുകയാണ്.
മഹാമാരിയുടെ പിടിയില്‍ നിന്ന് തിരിച്ചുവരുന്ന മലയാളിക്ക് അതിജീവനത്തിന്റേതാണ് ഈ തിരുവോണപ്പുലരി. പൂവിളിയും പുലിയിറക്കവും പൂക്കളമത്സരവും പന്തുകളിയും ജലമേളകളും ഇത്തവണയും ഉണ്ടായില്ല. എങ്കിലും പ്രതീക്ഷയോടെ നാം ഓണത്തെ വരവേറ്റു. കാലമെത്ര തന്നെ മാറിയാലും ഓണമുള്ളടത്തോളം മലയാളി മലയാണ്മ മറക്കില്ലെന്നുറപ്പാണ്. എല്ലാ പ്രിയ വായനക്കാർക്കും ഈസ്റ്റ്കോസ്റ്റ് ഡെയ്ലിയുടെ ഓണാശംസകൾ .
Post Your Comments