KeralaLatest News

തൊണ്ടയിൽ കല്ലു കുടുങ്ങി അബോധാവസ്ഥയിലേക്ക് പോയ കുഞ്ഞിന് രക്ഷകനായി ആ വഴി ബൈക്കിലെത്തിയ പ്രനൂപ്

പ്രനൂപ് കുട്ടിയെ ഉടൻ എടുത്ത് ശാസ്ത്രീയമായ രീതിയിൽ കൈത്തണ്ടയിൽ കമിഴ്ത്തിക്കിടത്തി പുറത്തു തട്ടി. അപ്പോൾ രക്തത്തോടൊപ്പം കല്ലും പുറത്തേക്കു പോന്നു

ബത്തേരി : കളിക്കുന്നതിനിടെ തൊണ്ടയിൽ കല്ലു കുടുങ്ങി ചോരയൊലിപ്പിച്ച് അബോധാവസ്ഥയിലേക്കു നീങ്ങിയ ഒരു വയസുകാരി ആയിഷ സെൻഹയ്ക്ക് രക്ഷകനായി പ്രനൂപ്. കൈത്തണ്ടയിൽ കമിഴ്ത്തിക്കിടത്തി പുറത്തു തട്ടി കല്ലു കളഞ്ഞത് നിമിഷങ്ങൾക്കുള്ളിൽ. അൽപം കൂടി വൈകിയിരുന്നെങ്കിൽ കുഞ്ഞിന്റെ ജീവൻ പോലും അപകടത്തിലാകുമായിരുന്നെന്ന് ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ കുഞ്ഞിനൊപ്പം കഴിയുന്ന മാതാവ് അമ്പുകുത്തി പട്ടയമ്പം കണ്ടോത്ത് ഫിറോസിന്റെ ഭാര്യ ഷഹാമത്ത് പറഞ്ഞു.

ജീവൻ രക്ഷാ മാർഗങ്ങളിൽ ആശുപത്രിയിൽ നിന്ന് പരിശീലനം ലഭിച്ചിരുന്നെന്ന് പ്രനൂപ് പറയുന്നു. പതിവുവഴി വിട്ട് എളുപ്പവഴിയായ അമ്പുകുത്തിയിലൂടെ ആദ്യമായി വന്നതാണെന്നും പ്രനൂപ് പറഞ്ഞു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. രണ്ടാമത്തെ കുട്ടി മുഹമ്മദ് അസ്മിനെ കുളിപ്പിക്കുന്നതിനായി ഷഹാമത്ത് മാറിയപ്പോൾ ഇളയവൾ ഒരു വയസ്സുകാരി ആയിഷ സെൻഹയെ നോക്കാനേൽപിച്ചത് മൂത്തയാൾ ആറുവയസുകാരൻ മുഹമ്മദ് ഫർസിനെയായിരുന്നു.

ഇടക്കിടെ കരയുന്നുണ്ടായിരുന്ന ആയിഷ സെൻഹയുടെ ശബ്ദത്തിന് വ്യത്യാസം വന്നപ്പോഴാണ് ഷഹാമത്ത് വന്നു നോക്കിയത്.  കളിക്കുന്നതിനിടെ വായിലിട്ട നെല്ലിക്ക വലുപ്പത്തിലുള്ള കല്ല് മേൽപോട്ടു നോക്കുന്നതിനിടെ ആയിഷയുടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ഷഹാമത്ത് ഉടൻ കുട്ടിയെ എടുത്ത് പുറത്തേക്കോടുകയും തൊണ്ടയിൽ കയ്യിട്ട് കല്ലെടുക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതിനിടെ തോളിൽ കിടത്തി തട്ടി നോക്കി എന്നാൽ കല്ലു പോയില്ല. കുട്ടിയുടെ കരച്ചിൽ നേർത്തു നേർത്തു വന്നു. അയൽവാസി ശകുന്തളയും ഒപ്പമെത്തി.

അലറി വിളിച്ച് റോഡിലേക്ക് ഓടിക്കയറിയ ഷഹാമത്ത് ആദ്യം വന്ന ഓട്ടോറിക്ഷ റോഡിന് നടുവിൽ കയറി നിന്ന് തടഞ്ഞു ഓട്ടോ ഡ്രൈവർ ഇറങ്ങി വരുമ്പോഴേക്കും അതുവഴി ബൈക്കിലെത്തിയ ബീനാച്ചി പൂതിക്കാട് സ്വദേശി പ്രനൂപും വണ്ടി നിർത്തി ഓടിയെത്തി. പ്രനൂപ് കുട്ടിയെ ഉടൻ എടുത്ത് ശാസ്ത്രീയമായ രീതിയിൽ കൈത്തണ്ടയിൽ കമിഴ്ത്തിക്കിടത്തി പുറത്തു തട്ടി. അപ്പോൾ രക്തത്തോടൊപ്പം കല്ലും പുറത്തേക്കു പോന്നു. കല്ല് കൂടുതൽ ഉള്ളിലേക്കിറങ്ങിയിരുന്നു. തുടർന്ന് കുട്ടിയെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

കുഞ്ഞിന്റെ കണ്ണുകൾ അപ്പോഴേക്കും പുറത്തേക്ക് അൽപം തള്ളി വന്നിരുന്നു. കണ്ണിന് കൂടുതൽ ചികിത്സ ആവശ്യമായതിനാൽ ഇന്നു കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കും. മേപ്പാടി വിംസ് ആശുപത്രി ജീവനക്കാരനാണ് പ്രനൂപ്. ഒരു പക്ഷേ, പ്രനൂപ് എത്തിയില്ലായിരുന്നെങ്കിൽ വൈകി ലഭിക്കുമായിരുന്ന ചികിത്സയിൽ കുഞ്ഞിന്റെ ജീവൻ രക്ഷിച്ചെടുക്കാൻ കഴിയാതെ വന്നേനെ എന്നാണ് ആശുപത്രി അധികൃതരും കുഞ്ഞിന്റെ മാതാവും പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button